ചെന്നൈ: തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സി.പി.എം രണ്ട് സീറ്റുകളിൽ മുന്നേറുന്നു. ഡിണ്ടിഗല്ലിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച സച്ചിതാനന്ദം മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. നിലവിൽ 3.69 ലക്ഷത്തിന്റെ ലീഡ് സി.പി.എം സ്ഥാനാർഥിക്കുണ്ട്. ഇവിടെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി മുഹമ്മദ് മുബാറക്കാണ് രണ്ടാമത്. പാട്ടാളി മക്കൾ കക്ഷിയുടെ തിലഗംബയാണ് മൂന്നാമത്.
മധുരയാണ് സി.പി.എം നേട്ടമുണ്ടാക്കിയ മറ്റൊരു മണ്ഡലം. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച വെങ്കിടേശൻ 1.83 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടി. ബി.ജെ.പിയുടെ രാമ ശ്രീനിവാസനാണ് ഇവിടെ രണ്ടാമത്.എ.ഐ.ഡി.എം.കെയുടെ ശരവണൻ മൂന്നാമതുമെത്തി. തമിഴ്നാട്ടിൽ സി.പി.ഐക്കും രണ്ട് സീറ്റുകളിൽ മുന്നേറാൻ സാധിച്ചു.സി.പി.ഐ സ്ഥാനാർഥിയായി തിരുപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച സുബ്രഹ്മണ്യൻ 97,774 വോട്ടുകളുടെ ലീഡാണ് ഇവിടെ നിന്നും നേടിയത്. തിരുപ്പൂരും രണ്ടാമതെത്തിയത് എ.ഐ.എ.ഡി.എം.കെയാണ്. ബി.ജെ.പിയാണ് ഇവിടെ മൂന്നാമത്. നാഗപപട്ടണത്തും സി.പി.ഐയാണ് മുന്നേറുന്നത്.
1.49 ലക്ഷത്തിന്റെ ലീഡാണ് ഇവിടെ സി.പി.ഐക്കുള്ളത്. എ.ഐ.എ.ഡി.എം.കെ തന്നെയാണ് ഇവിടെയും രണ്ടാമത്. നമ്മ തമിളർ കക്ഷി നേതാവ് കാർത്തിക നാഗപട്ടണത്ത് മൂന്നാമതെത്തി.വലിയ നേട്ടമാണ് ഇൻഡ്യ സഖ്യം തമിഴ്നാട്ടിലുണ്ടാക്കിയത്. 39 സീറ്റുകളിലും ഇൻഡ്യ സഖ്യ സ്ഥാനാർഥികളാണ് വിജയിച്ചത്. സംസ്ഥാനത്ത് സഖ്യത്തെ മുന്നിൽ നിന്നും നയിച്ച ഡി.എം.കെ 22 സീറ്റുകൾ നേടി. കോൺഗ്രസിന് ഏഴ് സീറ്റുകളും തമിഴ്നാട്ടിൽ ലഭിച്ചു.