Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതലസ്ഥാനത്ത് സംഭവമാക്കാൻ കോൺഗ്രസ്, എത്തുന്നത് തെലങ്കാന മുഖ്യമന്ത്രിയടക്കം

തലസ്ഥാനത്ത് സംഭവമാക്കാൻ കോൺഗ്രസ്, എത്തുന്നത് തെലങ്കാന മുഖ്യമന്ത്രിയടക്കം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ കെ പി സി .സി പ്രസിഡന്റ്‌ കെ.സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും നേതൃത്വം നല്‍കുന്ന `സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 27ന്‌ തലസ്ഥാന ജില്ലയില്‍ പ്രവേശിക്കുമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു. 

ഫെബ്രുവരി 9ന്‌ കാസര്‍ഗോഡ്‌ നിന്നാരംഭിച്ച ജാഥ 13 ജില്ലകളിലായി മുപ്പതോളം ജനകീയ പൊതുസമ്മേളനങ്ങളും, ജനങ്ങളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചക്ക്‌ വേദിയായ 13 ജനകീയ ചര്‍ച്ചകള്‍ക്കും ശേഷമാണ്‌ തിരുവനന്തപുരത്ത്‌ എത്തുന്നത്‌. ഫെബ്രുവരി 27 വൈകുന്നേരം 3 മണിക്ക്‌ ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടു കോണത്ത്‌ ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജാഥക്ക്‌ വരവേല്‍പ്പ്‌ നല്‍കും. 

തുടര്‍ന്ന്‌ ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല നിയോജകമണ്‌ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ആദ്യ പൊതുയോഗം ആറ്റിങ്ങല്‍ മാമത്ത്‌ വക്കം പുരുഷോത്തമന്‍ നഗറില്‍ 4 മണിക്ക്‌ നടക്കും. സമരാഗ്നി നായകരായ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനെയും പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശനെയും ആറ്റിങ്ങല്‍ മൂന്നു മുക്ക്‌ ജംഗ്‌ഷനില്‍ നിന്നും മാമത്തെ പൊതുസമ്മേളന വേദിയിലേക്ക്‌ സ്വീകരിച്ച്‌ ആനയിക്കും. 

തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനം യു ഡി എഫ്‌ കണ്‍വീനര്‍ എംഎം ഹസന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ അഞ്ച് മണിക്ക്‌ നെടുമങ്ങാട്‌ കല്ലിംഗല്‍ ഗ്രൗണ്ടിലെ തലേക്കുന്ന്‌ ബഷീര്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ നെടുമങ്ങാട്‌, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയോജകമണ്‌ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. നെടുമങ്ങാട്‌ മാര്‍ക്കറ്റ്‌ ജംഗ്‌ഷനില്‍ നിന്നാണ്‌ നേതാക്കളെ സ്വീകരിച്ച്‌ ആനയിക്കുന്നത്‌.
28ന്‌ രാവിലെ 10 മണിക്ക്‌ നന്ദാവനം മുസ്ലീം അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ജനകീയ ചര്‍ച്ചാ സദസ്സില്‍ സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ള നൂറിലധികം പേര്‍ തങ്ങളുടെ ദുരിതങ്ങളും ആവലാതികളും സമരാഗ്നി നായകരുമായി പങ്കുവയ്‌ക്കും. 29ന്‌ വൈകുന്നേരം 4.30ന്‌ സമാപന മഹാസമ്മേളനത്തിന്‌ മുന്നോടിയായി സ്റ്റാച്ച്യു ആസാദ്‌ ഗേറ്റില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍ ചെണ്ടമേളം, റോളര്‍സ്‌കേറ്റിംഗ്‌, ശിങ്കാരിമേളം, പൂക്കാവടി തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടി യോടെ സമ്മേളന വേദിയായ പുത്തരിക്കണ്ടം മൈതാനിയിലെ ഉമ്മന്‍ചാണ്ടി നഗറി ലേക്ക്‌ സമരാഗ്നിനായകരെ ആനയിക്കും. 

അവിടെ നടക്കുന്ന മഹാസമ്മേളനം തെലുങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി ഉദ്‌ഘാടനം ചെയ്യും. എ ഐ സി സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്‌ മുഖ്യാതിഥിയാകും. അരലക്ഷം പ്രവര്‍ത്തകര്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ്‌ മുന്‍ഷി, രമേശ്‌ ചെന്നിത്തല, കെ.മുരളീധരന്‍ എംപി, ഡോ. ശശി തരൂര്‍ എംപി, അടൂര്‍ പ്രകാശ്‌ എംപി, എം എം ഹസ്സന്‍, പി വിശ്വനാഥന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

സമരാഗ്നി സമാപനത്തോടനുബന്ധിച്ച്‌ ജില്ലാകോണ്‍ഗ്രസ്സ്‌ മീഡിയാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ 28-ാം തീയതി വൈകുന്നേരം 3 മണിമുതല്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഭീകരതയുടെ നാള്‍വഴികള്‍ വിവരിക്കുന്ന `ദുരിതപ്പെയ്‌ത്തിന്റെ നേര്‍ക്കാഴ്‌ച’ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്‌. ഡോ. ശശിതരൂര്‍ എം.പി ഉദ്‌ഘാടനം ചെയ്യും. സമരാഗ്നി പ്രക്ഷോഭയാത്ര ചരിത്രസംഭവമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡി സി സി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments