Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്തനംതിട്ടയിൽ അജ്ജയ്യനായി ആന്റോ ആന്റണി, ഇത് നാലാം വിജയം

പത്തനംതിട്ടയിൽ അജ്ജയ്യനായി ആന്റോ ആന്റണി, ഇത് നാലാം വിജയം

പത്തനംതിട്ട മണ്ഡലം രൂപീകരിച്ച ശേഷമുള്ള നാലാം ലോക്സഭാ തിരഞ്ഞെടുപ്പിലും ജനം ആന്റോആന്റണിക്കൊപ്പം. 2009, 2014, 2019 ഇപ്പോഴിതാ 2024 ലും താൻ തന്നെ പത്തനംതിട്ടയുടെ എംപിയെന്ന് തെളിയിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആന്റോ ആന്റണി വിജയിച്ചത്. പ്രചാരണഘട്ടത്തില്‍ ഏറെ മുന്നിലായിരുന്നുഎല്‍ഡിഎഫ് സ്ഥാനാർത്ഥിയും ധനകാര്യമന്ത്രിയുമായ ടി എം തോമസ് ഐസകിനെയും ബിജെപി സ്ഥാനാര്‍ത്ഥിയും എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണിയെയും പരാജയപ്പെടുത്തിയാണ് ആന്റോ ആന്റണിയുടെ വിജയം. 2019 ലേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ ആന്റോ ആന്റണിക്ക് ഇത്തവണയായിട്ടുണ്ട്.

4,08,232 വോട്ടുകളാണ് ആന്റോ ആന്റണി 2009 ൽ നേടിയത്. സിപിഐഎമ്മിന്റെ അനന്തഗോപന് ലഭിച്ചതാകട്ടെ 2,97,026 വോട്ടുകളും. 111206 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. 2014 ലെത്തുമ്പോൾ വോട്ട് വിഹിതത്തിലും ഭൂരിപക്ഷത്തിലും ഇടിവുണ്ടായി. 358,842 വോട്ടുകൾ അന്ന് ആന്റോ ആന്റണി നേടി. അതായത് 49390 വോട്ടിന്റെ കുറവ്. അതേസമയം എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പീലിപ്പോസ് തോമസിന് ആ വർഷം 302,651 വോട്ടുകളാണ് ലഭിച്ചത്. 2009 ൽ നിന്ന് 2014 ലേക്കെത്തുമ്പോൾ, പകുതിയോളമായി കുറഞ്ഞ് 56,191 വോട്ടിന്റെ ഭൂരിപക്ഷമാണ് ആന്റോ ആന്റണിക്ക് നേടാനായത്.

ഇനി 2019 ലേക്കെത്തുമ്പോൾ യുഡിഎഫിന്റെ വോട്ടിൽ ഭൂരിപക്ഷം പിന്നെയും കുറഞ്ഞു. 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ആന്റോ ആന്റണിക്ക് ലഭിച്ച വോട്ട്, 380,927. വീണയ്ക്ക് ലഭിച്ചത് 3,36,684 വോട്ടുകളുമാണ്. കൃത്യമായി വോട്ടുവിഹിതം ഉയർത്താൻ എൽഡിഎഫിനായി. ഇതിനൊപ്പം എൻഡിഎയും വോട്ട് വിഹിതം ഉയർത്തുന്നുണ്ട്. 2014 ൽ എംടി രമേശ് 138,954 വോട്ട് നേടിയപ്പോൾ, 2019 ൽ ഇരട്ടിയിലേറെ വോട്ടാണ് കെ സുരേന്ദ്രൻ സ്വന്തമാക്കിയത്. 2,97,396 ആയിരുന്നു സുരേന്ദ്രന് ലഭിച്ച വോട്ട്.

കോട്ടയം മീനച്ചില്‍ താലൂക്കിലെ മൂന്നിലവ് എന്ന ഗ്രാമത്തില്‍ കുരുവിള ആന്റണിയുടേയും ചിന്നമ്മയുടേയും മകനായി 1957 മെയ് ഒന്നിനായിരുന്നു ആന്റോ ആന്റണിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായാണ് ആന്റോ ആന്റണി രാഷ്ട്രീയ രംഗത്തേയ്ക്ക് ചുവടുവെച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കെഎസ് യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കെഎസ്‌യു താലൂക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ-വൈസ് പ്രസിഡന്റ്, ജില്ലാ-ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലജനസഖ്യത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി അംഗം, കോട്ടയം ഡിസിസി പ്രസിഡന്റ് കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യമായി ലോകസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് 2004 ല്‍ കോട്ടയം മണ്ഡലത്തിലാണ്. എന്നാല്‍ സിപിഐഎമ്മിലെ കെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. കോട്ടയം കൈവിട്ടെങ്കിലും അടുത്ത തവണ പത്തനംതിട്ട ആന്റോ ആന്റണിയെ കൈവിട്ടില്ല. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ അനന്തഗോപനെ പരാജയപ്പെടുത്തി പത്തനംതിട്ടയില്‍ നിന്ന് ആദ്യമായി ലോക്‌സഭ അംഗമായി.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായ കോണ്‍ഗ്രസ് വിമതന്‍ പീലിപ്പോസ് തോമസിനെയും 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം, എംഎല്‍എയായ വീണാ ജോര്‍ജ്ജിനെയും പരാജയപ്പെടുത്തി പത്തനംതിട്ടയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ആന്റോ ആന്റണിക്കെതിരെ തോമസ് ഐസക്കിനെ ഇറക്കേണ്ടി വന്നു എല്‍ഡിഎഫിന്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments