തിരുവനന്തപുരം: ശക്തമായ ത്രികോണ പോരാട്ടം നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചു. ട്വിസ്റ്റുകള്‍ക്കൊടുവിലായിരുന്നു അടൂര്‍ പ്രകാശിന്‍റെ വിജയം പ്രഖ്യാപിച്ചത്. പോസ്റ്റല്‍ റീ കൗണ്ടിംഗിന് ശേഷം 684 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂര്‍ പ്രകാശിന്‍റെ ജയം. അതേസമയം, മാറ്റിവെച്ച 984 ബാലറ്റുകൾ എണ്ണണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. നിയമ നടപടികളിലേക്ക് പോകാനാണ് എൽഡിഎഫിന്റെ തീരുമാനം.
വര്‍ക്കല എംഎല്‍എയും സിപിഎം നേതാവുമായ വി ജോയിയെയാണ് അടൂര്‍ പ്രകാശ് തോല്‍പ്പിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അടൂര്‍ പ്രകാശ് നേടിയത്. വി ജോയിയും അടൂര്‍ പ്രകാശും തമ്മില്‍ കടുത്ത മത്സരമാണ് ആറ്റിങ്ങലില്‍ നടന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ മൂന്നാമതാണ്. 3,28,051 വോട്ടാണ് അടൂര്‍ പ്രകാശിന് നേടാനായത്. വി. ജോയി 3,27,367 വോട്ടും വി മുരളീധരന്‍ 3,11,779 വോട്ടും നേടി. മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികളായ അഡ്വ.സുരഭി – 4,524, പ്രകാശ് പി.എൽ – 1,814, പ്രകാശ് എസ് – 811, സന്തോഷ്.കെ – 1,204 എന്നിങ്ങനെയാണ് വോട്ട് നേടിയത്. നോട്ട 9,791 വോട്ടും നേടി.
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം. പൊതുവില്‍ ചുവപ്പിനോട് ഒരു പ്രത്യേക അടുപ്പമുള്ള മണ്ഡലമെന്ന ഖ്യാതിയാണ് എന്നും ആറ്റിങ്ങലിനുള്ളത്. ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണെങ്കിലും കോണ്‍ഗ്രസിലെ പ്രഗത്ഭരായ സ്ഥാനാര്‍ഥികളെയും ആറ്റിങ്ങല്‍ വാരിപ്പുണര്‍ന്നിട്ടുണ്ട്. വയലാര്‍ രവി മുതല്‍ സിറ്റിംഗ് എം പി അടൂര്‍ പ്രകാശ് വരെയുള്ളവരുടെ വിജയചരിത്രവും അതാണ് വിരല്‍ ചൂണ്ടുന്നത്.