സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തുടരാൻ നീക്കം നടത്തുന്ന ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറാകും. സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി മുന്നോട്ടുപോകുമ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യം.
ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ത്യ സഖ്യവും ഇന്ന് യോഗം ചേരും. വൈകിട്ട് ആറിന് മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക യോഗം. എന്‍ഡിഎയുടെ ഭാഗമായ ജെഡിയു, ടിഡിപി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടാനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും ചർച്ചകൾ തുടരും. ഇന്നത്തെ എൻഡിഎ യോഗത്തിൽ നിതീഷ് പങ്കെടുക്കും. മറ്റ് സ്വതന്ത്ര പാർട്ടികളേയും ഇന്ത്യ സഖ്യത്തില്‍ എത്തിക്കാൻ നീക്കമുണ്ട്. സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാനർജിയും സഹകരിക്കും. വിജയത്തിൽ രാഹുൽ ഗാന്ധിയെ മമത ബാനര്‍ജി അഭിനന്ദനം അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം ബിജെപിക്ക് നഷ്ടമായതോടെയാണ് എന്‍ഡിഎ ഘടകക്ഷികളുടെ നിലപാട് നിര്‍ണായകായത്.