തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആറുമാസത്തിനിടെ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍. റായ്ബറേലിയില്‍ കൂടി വിജയിച്ച രാഹുല്‍ഗാന്ധി മണ്ഡലം നിലനിർത്താന്‍ തീരുമാനിച്ചാല്‍ വയനാട് ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പുണ്ടാകും. മന്ത്രി കെ രാധാകൃഷ്ണന്‍ എംപിയാകുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും ഉടനുണ്ടാകും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എംഎല്‍എമാരെയും മന്ത്രിമാരെയും രംഗത്തിറക്കിപ്പോള്‍ തന്നെ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതാണ്. മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിലും എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ കൊടിപാറിച്ചതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിർത്തി വയനാട് ഒഴിവാക്കാനാണ് സാധ്യതകളേറെയും. അങ്ങനെയെങ്കില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുണ്ടാകും. ചുരുക്കത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനം നീങ്ങുക മൂന്ന് ഉപതിരഞ്ഞെടുപ്പകളിലേക്കാകും.