ഈരാറ്റുപേട്ട: പള്ളിമുറ്റത്ത് കയറിയ വാഹനം തട്ടി വികാരിക്ക് പരിക്കേറ്റ കേസിൽ 27 സ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. ഇതിൽ പത്തുപേർ പ്രായപൂർത്തിയാകാത്തവരാണ്. കൊലക്കുറ്റത്തിനാണ് കേസ്. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിലിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.30നുണ്ടായ സംഭവത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് പിടിയിലായത്. സ്കൂളിലെ ചായസൽക്കാരത്തിന് ശേഷം കൂട്ടത്തോടെ കറങ്ങാനിറങ്ങിയതായിരുന്നു ഇവർ. പള്ളിമുറ്റത്തുകൂടി കാറിൽ അഭ്യാസപ്രകടനം നടത്തിയത് കണ്ട വൈദികന്‍ കുട്ടികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. തയാറാകാതെ വന്നപ്പോള്‍ വൈദികന്‍ ഗേറ്റ് അടക്കാന്‍ ശ്രമിച്ചു.
ഇതിനിടെ ആദ്യമെത്തിയ ബൈക്ക് വൈദികന്റെ കൈയില്‍ തട്ടുകയും പിന്നാലെയെത്തിയ കാര്‍ അദ്ദേഹത്തിന്‍റെ ദേഹത്ത് ഇടിക്കുകയും ചെയ്തു. തുടർന്നുണ്ടായ വീഴ്ചയിലാണ് കൈക്ക് പരിക്കേറ്റത്. കൂട്ടമണി അടിച്ചതോടെ വിശ്വാസികള്‍ പള്ളിയിലെത്തി, വൈദികരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ശനിയാഴ്ച പള്ളിയിലെത്തി വികാരിയുമായി കൂടിക്കാഴ്ച നടത്തി.
പാലാ ഡിവൈ.എസ്.പി പി.കെ. സദന്‍, ഈരാറ്റുപേട്ട എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പള്ളിയിലെത്തി അന്വേഷണം നടത്തി. തുടർന്ന് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ആറു കാറും കസ്റ്റഡിയിലെടുത്തു.
കൊച്ചി: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന അനിഷ്ടസംഭവം സമൂഹത്തെ ഞെട്ടിക്കുന്നതും കേരളത്തിന്റെ അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കാതോലിക്ക മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതും മാതൃകാപരമായി ശിക്ഷിക്കേണ്ടതും സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.