തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനോട് നാളെ നേരിട്ട് ഹാജരാകാൻ ഡി.ജി.പി അനിൽ കാന്ത് ആവശ്യപ്പെട്ടു. പീഡനമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സുനുവിനോട് രാവിലെ 11ന് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ എത്താനാണ് ഡി.ജി.പിയുടെ നിർദേശം.
തൃക്കാക്കരയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിനെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പി.ആർ. സുനു നൽകിയ അപേക്ഷ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.
തൃക്കാക്കര ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് സുനു സസ്‍പെൻഷനിലാണ്. മറ്റൊരു കേസിൽ ജയിലിലായ ഭർത്താവിനെ പുറത്തിറക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത് തൃക്കാക്കര സി.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുനു യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. തൃക്കാക്കരയിലെ വീട്ടിൽ വെച്ചും കടവന്ത്രയിൽ വെച്ചും സി.ഐ ഉൾപ്പെടെയുള്ളവർ കൂട്ട ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊഴി.