തിരുവനന്തപുരം• സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നത് വിശദമായി പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയുടെ അന്തസ്സിനെ അപമാനിച്ചെന്നാണ് സജി ചെറിയാനെതിരായ കേസ്. കേസിന്റെ സ്ഥിതിയിൽ എന്തു മാറ്റമുണ്ടായെന്ന് പരിശോധിക്കണമെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയിൽനിന്ന് ഇതു സംബന്ധിച്ച് നേരിട്ട് അറിയിപ്പു കിട്ടി. മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. മുഖ്യമന്ത്രിക്കു പോലും അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടല്ലേ രാജിവയ്ക്കേണ്ടി വന്നതെന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടനയെ വിമർശിച്ചു നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്നുണ്ടായ കേസിൽ അന്തിമതീർപ്പ് ഉണ്ടാകാത്തതിനാൽ സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ രാജ്ഭവന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. സജി െചറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കളയാനാകില്ലെന്നാണ് ഗവർണർക്കു നിയമോപദേശം ലഭിച്ചത്. ആരെ മന്ത്രിയാക്കണമെന്നതു മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. അതിനായി ശുപാർശ ചെയ്താൽ ഗവർണർക്ക് അവഗണിക്കാനാവില്ലെന്നും ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടിയാണ് ഇതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.