ഉത്തർപ്രദേശ്: ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ തൂവാലവെച്ച് മറന്ന് ഡോക്ടർ. അമ്രോഹ ജില്ലയിലെ ബൻസ് ഖേരി ഗ്രാമത്തിൽ പ്രസവത്തിനെത്തിയ യുവതിയുടെ വയറിനുള്ളിലാണ് തൂവാല ഉപേക്ഷിക്കപ്പെട്ടത്. നസ്രാന എന്ന യുവതിയുടെ വയറ്റിലാണ് തൂവാല ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ വിദഗ്ധരുടെ അശ്രദ്ധ കാരണമാണ് തൂവാല വയറ്റിൽ വെച്ച് മറന്നതെന്ന് റിപ്പോട്ടുകളുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് സിംഗാൾ ഉത്തരവിട്ടു.
അമ്രോഹയിൽ അനുമതിയില്ലാതെ നടത്തിയിരുന്ന സൈഫി നഴ്‌സിംഗ് ഹോമിലാണ് ഓപ്പറേഷൻ നടത്തിയത്. ഡോക്ടർ മത്‌ലൂബാണ് ശസ്ത്രക്രിയ നടത്തിയതെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. ഓപ്പറേഷന് ശേഷമാണ് തൂവാല മറന്ന് വെച്ചതെന്ന് ഡോക്ടർ പറഞ്ഞു.
പ്രസവത്തിന് ശേഷം വയറുവേദനിക്കുന്നതായി യുവതി പരാതിപ്പെട്ടിരുന്നു. തണുപ്പ് കൊണ്ടാണ് വയറുവേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടർ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയിട്ടും വേദനവിട്ടുമാറാത്തതിനെ തുടർന്ന് ഭർത്താവ് ഷംഷീർ അലി ഭാര്യയെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലൂടെയാണ് വയറുവേദനയുടെ സത്യാവസ്ഥ മനസിലാക്കുന്നത്.
സംഭവത്തിൽ പ്രതികരിച്ച് ചീഫ് മെഡിക്കൽ ഓഫീസർ രംഗത്തെത്തി.”മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് സംഭവത്തെക്കുറിച്ച് ഞാൻ അറിയുന്നത്. വിഷയം പരിശോധിക്കാൻ നോഡൽ ഓഫീസർ ഡോ ശരത്തിനോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളു’ സിഎംഒ സിംഗാള് പറഞ്ഞു. എന്നാൽ വിഷയത്തിൽ ഷംഷീർ അലി രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും സിഎംഒ ഉറപ്പുനൽകി.