രാജ്‌കോട്ട്: ഇയാളെന്തൊരു താരമാണ്! എവിടെ പന്തെറിഞ്ഞാലും അടിയോടടി, ‘ഇന്ത്യന്‍ 360’ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി തന്‍റെ ക്ലാസ് തെളിയിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. മൂന്ന് റണ്ണിനിടെ ആദ്യ വിക്കറ്റ് നഷ്‌ടമായ ഇന്ത്യ സൂര്യയുടെ അതിവേഗ സെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 റണ്‍സെടുത്തു. സ്കൈ 51 പന്തില്‍ ഏഴ് ഫോറും 9 സിക്‌സുകളും സഹിതം 112* റണ്‍സുമായി പുറത്താകാതെ നിന്നു. വെറും 45 പന്തിലായിരുന്നു സൂര്യ മൂന്നക്കം തികച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹാര്‍ദിക് പാണ്ഡ്യ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല രാജ്‌കോട്ടില്‍ ഇന്ത്യക്ക്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ദില്‍ഷന്‍ മധുശങ്കയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഫസ്റ്റ് സ്ലിപ്പില്‍ ധനഞ്ജയ ഡിസില്‍വയുടെ ക്യാച്ചില്‍ പുറത്തായി. രണ്ട് പന്തില്‍ 1 റണ്ണാണ് ഇഷാന്‍ നേടിയത്. മൂന്നാമനായി ക്രീസിലെത്തി നേരിട്ട രണ്ടാം പന്തില്‍ എഡ്‌ജില്‍ നിന്നും രക്ഷപ്പെട്ട രാഹുല്‍ ത്രിപാഠി പിന്നാലെ കടന്നാക്രമിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. ആറാം ഓവറിലെ മൂന്ന്, നാല് പന്തുകളില്‍ കരുണരത്‌നെയെ തകര്‍പ്പന്‍ സിക്‌സര്‍ പറത്തിയ ത്രിപാഠിക്ക് തൊടുത്തടുത്ത പന്തില്‍ പിഴച്ചു. തേഡ് മാനിലേക്ക് കളിക്കാനുള്ള ത്രിപാഠിയുടെ ശ്രമം മധുശങ്കയുടെ ക്യാച്ചില്‍ തീര്‍ന്നു. എങ്കിലും രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഇന്നിംഗ്‌സില്‍ ഭയരഹിതമായി കളിച്ച ത്രിപാഠി(16 പന്തില്‍ 35) അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി. പവര്‍പ്ലേയില്‍ 53-2 എന്നതായിരുന്നു ഇന്ത്യയുടെ സ്കോര്‍.