കൊല്ലം• കണ്ണനെല്ലൂരിൽ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കുത്തേറ്റുമരിച്ചത്. അയൽവാസി പ്രകാശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലപ്പെട്ട സന്തോഷിന്റെ ബന്ധുവായ 17കാരൻ ശരത് കുത്തേറ്റ് ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് 3 മണിയോടെയാണ് സംഭവം. കത്തിയുമായെത്തിയ പ്രകാശ് സന്തോഷിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് അയൽവാസികൾ പൊലീസിന് നൽകിയ മൊഴി. കുത്തേറ്റുകിടന്ന സന്തോഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്തോഷിനെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെയാണു ശരത്തിനു കുത്തേറ്റത്. കൈയിൽ പരുക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, കൊലപാതകത്തിലേക്കു നയിച്ചതിന്റെ കാരണം വ്യക്തമല്ല. ലഹരി ഇടപാടുൾപ്പെടെ നിരവധി ക്രിമിനൽ പ്രവർത്തനങ്ങള്‍ നടക്കുന്ന പ്രദേശമാണ് ചേരിക്കോണം. അത്തരത്തിൽ എന്തെങ്കിലും തർക്കത്തിന്റെ പേരിലാണോ കൊലപാതകം എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.