തിരുവനന്തപുരം• കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ 15ന് നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ ന്യായീകരണവുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നുമാണു മന്ത്രിയുടെ മറുപടി. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റു വില കുറഞ്ഞില്ല. സംഘാടകർ അമിത ലാഭം എടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടിക്കു പുറമേ ചുമത്തുന്ന വിനോദ നികുതിയാണു സർക്കാർ ഉയർത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സർക്കാർ 12% ആയി വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ മാത്രം അധികം നൽകേണ്ടി വരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും. സർക്കാർ നികുതി എത്ര ഉയർത്തിയാലും കളി സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷനു നഷ്ടമില്ല. നികുതി ഉൾപ്പെടാതെയുള്ള നിരക്കാണ് അവർ ടിക്കറ്റിനായി നിശ്ചയിക്കുന്നത്. അതിനു മുകളിൽ വരുന്ന നികുതി എത്രയായാലും ടിക്കറ്റ് എടുക്കുന്നവരുടെ ബാധ്യതയായി മാറും.
സെപ്റ്റംബറിൽ നടന്ന ട്വന്റി20 മത്സരത്തിൽ 1500 രൂപയും 2750 രൂപയുമായിരുന്ന ടിക്കറ്റ് നിരക്ക് ഇത്തവണ കെസിഎ 1000, 2000 രൂപയായി കുറച്ചിരുന്നു. 24% വിനോദ നികുതിയാണ് കോർപറേഷൻ ആവശ്യപ്പെട്ടത്. എന്നാൽ രാജ്യാന്തര മത്സരം വരുന്നതിന്റെ പലവിധ നേട്ടങ്ങൾ പരിഗണിച്ചാണ് ഇതിൽ സർക്കാർ ഇളവ് അനുവദിക്കുന്നത്.