ഇരിങ്ങാലക്കുട: സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഇനിയും ചർച്ചകൾ നടക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷമുണ്ട്. എം.പിമാരിൽ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കും. എന്നാൽ, അക്കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
മുമ്പും തനിക്ക് കേരളത്തിൽ സ്വീകാര്യതയുണ്ടെന്നും തരൂർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കേരള കോൺഗ്രസ് സംഘടിപ്പിച്ച, ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്‍റെ നവതി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു തരൂർ.
സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് പാർട്ടി, ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയല്ല -വി.ഡി. സതീശൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം അവരവര്‍ തീരുമാനിക്കേണ്ട കാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂര്‍ കേരള രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹം കേരളത്തില്‍ നിന്നുള്ള എം.പിയാണ്. എല്ലാം വിവാദമാക്കേണ്ട കാര്യമില്ല. ഏത് കോണ്‍ഗ്രസ് നേതാവിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും അതിനെ സ്വാഗതം ചെയ്യും. സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് കെ.പി.സി.സി അധ്യക്ഷനാണ് പറയേണ്ടതെന്നും സതീശൻ പറഞ്ഞു.