റിയാദ് ∙ പിഎസ്ജി-അൽ നസറുമായി റിയാദ് സീസൺ കപ്പിൽ ഏറ്റുമുട്ടും. പ്രവാസികൾ ആവേശത്തോടെ കാത്തിരുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ടിക്കറ്റിന് വേണ്ടി വലിയ തിരക്കാണ് ഓൺലൈൻ സൈറ്റിൽ. ഈ മത്സരത്തിൽ അൽ നസറിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്നാണ് റിപ്പോർട്ട്.
റൊണാൾഡോയെ സൗദി ഫുട്‌ബോൾ ഫെഡറേഷനിൽ റജിസ്റ്റർ ചെയ്യാൻ വെള്ളിയാഴ്ചയാണ് അൽ നസറിനു സാധിച്ചത്.ഈ മാസം 19ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി-അൽ നസറുമായി ഏറ്റുമുട്ടും. ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ നായകൻ ലയണൽ മെസി, റണ്ണേഴ്‌സ് അപ്പായ ഫ്രാൻസിന്റെ കിലിയൻ എംബപ്പെ തുടങ്ങിയവർ അടങ്ങിയ ടീമാണ് പിഎസ്ജി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ കൂടുതൽ ശ്രദ്ധ ലഭിച്ച ക്ലബ്ബാണ് അൽ നസർ. പരമാവധി പരിധിയായ എട്ടു വിദേശ കളിക്കാർ ക്ലബിൽ ഉള്ളതിനാൽ ഒരാളെ ഒഴിവാക്കാനായി ക്ലബിനു കാത്തിരിക്കേണ്ടി വന്നു.
ഉസ്‌ബെക്കിസ്ഥാൻ മിഡ്ഫീൽഡർ ജലാലുദ്ദീൻ മഷാരിപോവിനെ ഒഴിവാക്കുമെന്നാണ് കരുതിയത്. എന്നാൽ, കാമറൂൺ സ്‌ട്രൈക്കർ വിൻസന്റ് അബൂബക്കറിനെയാണ് ഒഴിവാക്കിയത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പ്രതീക്ഷിച്ചതിലും നീളുകയും ചെയ്തു.റജിസ്റ്റർ ചെയ്തശേഷവും റൊണാൾഡോ രണ്ടു കളികളിൽ കൂടി മാറി നിൽക്കണം. നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലായിരിക്കെ ലഭിച്ച വിലക്ക് പുതിയ ക്ലബ്ബിൽ പൂർത്തിയാക്കണം.