ചണ്ഡിഗഡ് • പഞ്ചാബിൽ മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്റെ ‘വിരട്ടൽ’ ഫലിച്ചു. ഇന്ന് രണ്ടു മണിക്കു മുൻപ് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്കു മുന്നിൽ കൂട്ട അവധിയെടുത്ത് സമരം ചെയ്ത ഉന്നത സർക്കാർ ഉദ്യോഗസ്ഥർ മുട്ടുമടക്കി. ഫലം, ‘സമരം’ അടിയന്തരമായി പിൻവലിച്ച് ജോലിക്കു കയറാൻ പണിമുടക്കിയ ഉദ്യോഗസ്ഥർ തീരുമാനിച്ചു. സമരം പിൻവലിക്കുന്നതായി മുഖ്യമന്ത്രിയുടെ അഡീഷനൽ ചീഫ് സെക്രട്ടറി എ.വേണുപ്രസാദ്, ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് രജത് ഒബ്‌റോയ് എന്നിവർ സംയുക്തമായി അറിയിച്ചു.
പിസിഎസ് ഓഫിസർ നരീന്ദർ സിങ് ധലിവാലിനെ അറസ്റ്റ് ചെയ്ത പഞ്ചാബ് വിജിലൻസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിച്ചത്. തിങ്കൾ മുതൽ അഞ്ച് ദിവസത്തേക്ക് ഉദ്യോഗസ്ഥരെല്ലാം കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാനായിരുന്നു തീരുമാനം. കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലുധിയാനയിൽവച്ച് ധലിവാലിനെ വെള്ളിയാഴ്ച വിജിലൻസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ആരംഭിച്ച ‘കൂട്ട അവധി’ സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതോടെയാണ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാൻ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇന്ന് രണ്ടു മണിക്കു മുൻപ് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
‘‘സമരത്തിന്റെ പേരിൽ ചില ഉദ്യോഗസ്ഥർ ജോലിക്കു ഹാജരാകുന്നില്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ സർക്കാർ നടപടി സ്വീകരിച്ചതിനെതിരെയാണ് ഇവരുടെ പ്രതിഷേധം. അഴിമതിയുമായി യാതൊരു സന്ധിയുമില്ലെന്ന നിലപാടാണ് ഈ സർക്കാരിനുള്ളതെന്ന് അറിയിക്കട്ടെ. ഈ സമരം ഭീഷണിയുടെ സ്വരമുള്ളതാണ്. ഉത്തരവാദിത്തമുള്ള ഒരു സർക്കാരിനും ഇത്തരം സമരങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ല’ – ഭഗ്‌വന്ത് മാൻ ട്വിറ്ററിൽ കുറിച്ചു.
‘‘അതിനാൽത്തന്നെ ഈ സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഇന്ന് രണ്ടു മണിക്കു മുൻപ് ജോലിയിൽ പ്രവേശിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുക. രണ്ടു മണിക്കു ശേഷവും ജോലിക്കു കയറാത്ത ഉദ്യോഗസ്ഥർക്ക് ഡയസ്നോൺ പ്രഖ്യാപിക്കും’ – മുഖ്യമന്ത്രി വ്യക്തമാക്കി.