ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് മുന്‍ ബിസിസിഐ പ്രസിഡന്റും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടറുമായ സൗരവ് ഗാംഗുലി. ഉത്തരാഖണ്ഡില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ പരുക്കേറ്റതാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായ പന്തിന് സീസണ്‍ നഷ്ടപ്പെടാന്‍ കാരണം.
‘ഋഷഭ് പന്ത് ഐപിഎല്ലില്‍ ഉണ്ടാവില്ല. ഞാന്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി സംസാരിക്കുന്നുണ്ട്. ടീമിനെ സംബന്ധിച്ചിടത്തോളം ഇത് മികച്ച സീസണ്‍ ആയിരിക്കും. ഞങ്ങള്‍ മികച്ച കളി പുറത്തെടുത്തിരിക്കും. പക്ഷേ ഋഷഭ് പന്തിന്റെ പരുക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്രതികൂലമായി ബാധിക്കും’ സൗരവ് ഗാംഗുലി പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 30നായിരുന്നു ഋഷഭ് പന്ത് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. കാലിലെ ലിഗ്മെന്റ് പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ സര്‍ജറിക്കും തുടര്‍ ചികിത്സയ്ക്കും വേണ്ടി പന്തിനെ മുംബൈ കോകിലബെന്‍ ദീരുഭായ് അംബാനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.
ഋഷഭ് പന്തിന്റെ അഭാവത്തോടെ 2023 സീസണിലെ മത്സരങ്ങളിലേക്ക് പുതിയ നായകനെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അതേസമയം ടീമിന്റെ നായകത്വം ഏറ്റെടുക്കാന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ മാനേജ്‌മെന്റ് സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.