തിരുവനന്തപുരം: സർ, മാഡം വിളിയിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കമ്മീഷൻ ചെയർമാൻ തന്നെ ഇങ്ങനൊരു തീരുമാനം എടുത്തില്ലന്ന് പറഞ്ഞു എന്നും കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളിൽ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചർ’ എന്ന് വിളിച്ചാൽ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് വന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സാർ, മാഡം എന്നീ വിളികൾ ഒഴിവാക്കമെന്നും ഉത്തരവിൽ പറയുന്നു.
ടീച്ചർ എന്ന വിളി മറ്റൊന്നിനും പകരമാവില്ല. കുട്ടികളിൽ തുല്യത നില നിർത്താനും അധ്യാപകരോടുള്ള അടുപ്പം കൂട്ടാനും ടീച്ചർ വിളിയിലൂടെ കഴിയും എന്നാണ് ബാലാവകാശ കമ്മീഷന്റെ വിലയിരുത്തൽ.
കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ, അംഗം സി വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കി എന്നായിരുന്നു റിപ്പോർട്ടുകൾ. പാലക്കാട് നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.