തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 317 റൺസിന്‍റെ കൂറ്റൻ ജയം. സ്കോർ- ഇന്ത്യ: 390/5 (50 ഓവർ), ശ്രീലങ്ക: 77ന് എല്ലാവരും പുറത്ത് (22 ഓവർ). ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യയുടേത്.
കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ തുടക്കത്തിലേ പതറിയ ലങ്കക്ക് ഒരു ഘട്ടത്തിലും മേൽക്കൈ നേടാനായില്ല. ആദ്യ 10 ഓവറിനുള്ളിൽ തന്നെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ലങ്കൻ ബാറ്റിങ് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം തികക്കാനായത്. 19 റൺസെടുത്ത നുവാനിഡു ഫെർണാണ്ടോയാണ് ടോപ് സ്കോറർ. മുഹമ്മദ് സിറാജ് 10 ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്ലിയുടെയും (പുറത്താകാതെ 166) ശുഭ്മാൻ ഗില്ലിന്‍റെയും (116) സെഞ്ചുറിയുടെ കരുത്തിൽ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 390 റൺസ് എടുത്തത്. 110 പന്തിൽ 13 ബൗണ്ടറികളും എട്ട് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ഇതോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡ് കോഹ്ലി മറികടന്നു. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 46ാമത് ഏകദിന സെഞ്ചുറിയാണ്.
97 പന്തിൽ 14 ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങിയതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. ക്യാപ്റ്റൻ രോഹിത് ശർമ (42), ശ്രേയസ് അയ്യർ (38), കെ.എൽ. രാഹുൽ (ഏഴ്), സൂര്യകുമാർ യാദവ് (നാല്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. അക്സർ പട്ടേൽ രണ്ട് റൺസെടുത്ത് പുറത്താവാതെ നിന്നു. ലങ്കക്ക് വേണ്ടി ലഹിരു കുമാര, കസുൻ രജിത എന്നിവർ രണ്ടും ചാമിക കരുണരത്നെ ഒരു വിക്കറ്റും വീഴ്ത്തി.