ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശർമയ്‌ക്കെതിരെ ലൈംഗികാരോപണവുമായി സൂപ്പർതാരങ്ങളായ വിനേഷ് ഫൊഗട്ട് ഉൾപ്പെെടയുള്ള ഗുസ്തി താരങ്ങൾ രംഗത്ത്. ദേശീയ ക്യാംപുകളിൽവച്ച് പരിശീലകനും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ ശർമയും ഉൾപ്പെടെയുള്ളവർ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ഫൊഗട്ട് വെളിപ്പെടുത്തി. ചില പരിശീലകർ വർഷങ്ങളായി താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണ്. ഫെഡറേഷൻ അധികൃതരിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും വിനേഷ് ഫൊഗട്ട് ആരോപിച്ചു. അതേസമയം, താരങ്ങളുടെ ആരോപണം ബ്രിജ് ഭൂഷൺ ശർമ തള്ളിക്കളഞ്ഞു.
ഗുസ്തി ഫെഡറേഷന്റെ പ്രവർത്തന രീതികൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ശർമയ്ക്കും പരിശീലകർക്കുമെതിരെ താരങ്ങൾ ലൈംഗികാരോപണം ഉയർത്തിയത്. പുരുഷ, വനിതാ താരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി. വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക്ക് എന്നിവർക്കു പുറമെ ബജ്‌റങ് പുനിയ, സംഗീത ഫൊഗട്ട്, സോനം മാലിക്ക്, അൻഷു എന്നിവരുൾപ്പെടെ പ്രശസ്തരായ മുപ്പത്തൊന്നു ഗുസ്തി താരങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി. ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ താരങ്ങൾ ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സഹായം തേടി.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശർമ തള്ളിക്കളഞ്ഞു. വിനേഷ് ഫൊഗട്ട് മാത്രമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശർമയുടെ പ്രതിരോധം.‘‘ഡബ്ല്യുഎഫ്ഐയിലെ ആളുകൾ പീഡിപ്പിച്ചെന്ന് വേറെ ആരെങ്കിലും ഇതുവരെ പരാതിപ്പെട്ടിട്ടുണ്ടോ? വിനേഷ് മാത്രമേ അങ്ങനെ പറഞ്ഞിട്ടുള്ളൂ. ക്യാംപിൽ ലൈംഗിക പീഡനത്തിന് ഇരകളായെന്ന് മറ്റാരെങ്കിലും ഇതുവരെ പറഞ്ഞു കേട്ടിട്ടുണ്ടോയെന്നും ബ്രിജ് ഭൂഷൺ ശർമ ചോദിച്ചു.