തിരുവനന്തപുരം: കേന്ദ്രം നല്‍കുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചുനില്‍ക്കുന്നതെന്ന് പറയുന്നത് കള്ളപ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിയമം ആറാം വര്‍ഷത്തിലേക്ക് കടന്നിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ സ്വാധീനം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെക്‌പോസ്റ്റ് സംവിധാനം ഇല്ലാതായതോടെ നികുതി വെട്ടിപ്പ് നിരവധി മാര്‍ഗങ്ങളിലൂടെ നടക്കുകയാണ്. നികുതി സംബന്ധമായ വിഷയങ്ങളില്‍ നൈപുണ്യമുള്ള ആളുകളുടെ സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങളുടെ അധികാരം പരിമിതമാണ്.
നികുതി വരുമാനം വര്‍ധിപ്പിക്കാനെന്ന പേരില്‍ അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും നികുതി കേന്ദ്രം വര്‍ധിപ്പിച്ചു. അതിനെതിരെ ജിഎസ്ടി കൗണ്‍സിലിലടക്കം കേരളം ശബ്ദമുയര്‍ത്തി. നിത്യോപയോഗ സാധനങ്ങള്‍ക്ക് പകരം ആഡംബര ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കേന്ദ്രം അതിന് ചെവിക്കൊടുത്തില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മതത്തോടെയാണ് നികുതി ഭാരം ചുമത്തിയതെന്നാണ് കേന്ദ്രമന്ത്രി അടക്കം പറയുന്നത്. എന്നിട്ട് ആഡംബര വസ്തുക്കളുടെ നികുതി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്.
സംസ്ഥാനങ്ങളുടെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതും കേരളം ജിഎസ്ടി കൗണ്‍സിലില്‍ കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണ്ടില്ലെന്ന് നടിച്ചാണ് കേന്ദ്രം ജിഎസ് ടി കൗണ്‍സിലില്‍ നിലപാടെടുക്കുന്നത്. അവിടെ കേന്ദ്രസര്‍ക്കാരിനാണ് ഭൂരിപക്ഷം. അവരാഗ്രഹിക്കുന്ന തീരുമാനം അവര്‍ക്ക് എടുക്കാന്‍ കഴിയുന്നു. സംസ്ഥാനങ്ങളുടെ കൂടെ അഭിപ്രായം കേള്‍ക്കുന്ന തരത്തില്‍ കൗണ്‍സില്‍ പുനസംഘടിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളം കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. 134097 കോടി രൂപയാണ് കേരളത്തിന്റെ റവന്യൂ വരുമാനം. ഇതില്‍ 85867 കോടി രൂപയും സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനമാണ്. അതായത് 64 ശതമാനം വരുമാനവും നികുതി പിരിച്ച് കേരളം കണ്ടെത്തുന്നതാണ്. ദേശീയ ശരാശരി 55 ശതമാനമാണ്. ദേശീയ ശരാശരിയിലും മുകളിലാണ് കേരളത്തിന്റെ തനത് വരുമാനം. ഇത് സംസ്ഥാന ജിഡിപിയുടെ ഏഴ് ശതമാനമാണ്. ദേശീയ ശരാശരി 6.7 ശതമാനമാണ്. കേരളം കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമല്ല. നികുതി പിരിവില്‍ മുന്നിട്ട് നല്‍കുന്ന കേരളത്തെ കൂടുതല്‍ മുന്നോട്ട് നയിക്കുന്നതാണ് ജിഎസ്ടി വകുപ്പിന്റെ പുനസംഘടന.
കേരളം കേന്ദ്രസര്‍ക്കാരിന്റെ പണം കൊണ്ടല്ല നിലനില്‍ക്കുന്നത്. ഇന്ത്യയിലാകെ സംസ്ഥാന ശരാശരിയെടുത്താല്‍ റവന്യു വരുമാനത്തിന്റെ 45 ശതമാനം കേന്ദ്ര വിഹിതമാണ്. കേരളത്തിന്റെ റവന്യു വരുമാനത്തില്‍ 36 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. പത്താം ധനക്കമ്മീഷന്റെ ഘട്ടത്തില്‍ കേരളത്തിന്റെ നികുതി വിഹിതം 3.88 ശതമാനമായിരുന്നു. അത് 15ാം ധനക്കമ്മീഷനില്‍ 1.9 ശതമാനമായി കുറച്ചു. കേന്ദ്രം നല്‍കുന്ന പണം കാലാകാലങ്ങളായി കുറയുന്നു. അപ്പോഴാണ് ചിലരിവിടെ കേന്ദ്രം നല്‍കുന്ന പണം കൊണ്ടാണ് കേരളം നിന്നുപോകുന്നതെന്ന് പറയുന്നത്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറയുന്നു. മറ്റ് സ്രോതസുകളില്‍ നിന്ന് വരുമാനം കണ്ടെത്താനും കടമെടുക്കാനുള്ള അവകാശവും കേന്ദ്രം ഹനിക്കുന്നു. സാമ്പത്തിക ഫെഡറല്‍ മൂല്യങ്ങളെ കേന്ദ്രം അട്ടിമറിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക അധികാര അവകാശങ്ങള്‍ക്ക് മേലെ കടന്നുകയറ്റമുണ്ടാകുന്നു. നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.