ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പുതിയ പിരിച്ചുവിടൽ നടപടികളുടെ ഭാഗമായി 380 ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ. സ്വിഗിയുടെ 6,000 തൊഴിലാളികളില്‍ നിന്നും എട്ട് മുതൽ പത്ത് ശതമാനം വരെയുള്ള തൊഴിലാളികളാണ് കമ്പനിയിൽ നിന്നും പുറത്തേക്ക് പോകുന്നത്. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത് എന്നും ഇതിൽ 380 ജീവനക്കാർ നമ്മളോട് വിട പറയും എന്നും ജീവനക്കാർക്ക് അയച്ച കത്തിൽ സഹസ്ഥാപകൻ ശ്രീഹർഷ മജെറ്റി പറഞ്ഞു.
“പുനർനിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി ടീമിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ് ഞങ്ങൾ നടപ്പിലാക്കുന്നത്. ഈ പ്രക്രിയയിൽ, കഴിവുള്ള 380 സ്വിഗ്ഗ്സ്റ്ററുകളോട് ഞങ്ങൾ വിടപറയും. ഇതിലൂടെ കടന്നുപോകേണ്ടി വന്നതിൽ നിങ്ങളോട് ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു,” എന്നാണ് കമ്പനിയുടെ സിഇഒ പറഞ്ഞു.
എന്തുകൊണ്ടാണ് സ്വിഗ്ഗി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു എന്നതിന് കമ്പനി സൂചിപ്പിച്ച പ്രധാന കാരണങ്ങളിലൊന്ന് മാക്രോ ഇക്കണോമിക് അവസ്ഥകളാണ്. ഭക്ഷ്യ വിതരണത്തിനുള്ള വളർച്ചാ നിരക്ക് കുറഞ്ഞു. ഇത് ലാഭം കുറയാനും വരുമാനം കുറയാനും ഇടയാക്കിയതായി എന്നും കമ്പനി വെളിപ്പെടുത്തി. എന്നിരുന്നാലും, തങ്ങൾക്ക് നിലനിൽക്കാൻ ആവശ്യമായ പണം കരുതൽ ഉണ്ടെന്നാണ് സ്വിഗ്ഗി പറയുന്നത്. ആളുകളെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് “ഓവർഹൈറിംഗിനെ” എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി.