ആലപ്പുഴ: മെഡിക്കൽ കോളേജിൻ്റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തെ ചൊല്ലി സിപിഐഎമ്മിൽ തർക്കം. പദ്ധതിയുടെ ആദ്യവസാനം വരെ നിന്നവരെ ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ പറഞ്ഞു. മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറേയും ഉൾപ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നിൽ നിന്ന തന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ല. വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളിലാണ് പ്രധാനമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണെന്നും ജി സുധാകരൻ വിമർശിച്ചു. അതു കൊണ്ട് ചരിത്രം ഇല്ലാതാകുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ ഈ നിലയിൽ ആക്കിയത് 2016ലെ എൽഡിഎഫ് സർക്കാർ ആണ്. നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്.
നേരത്തെ പുന്നപ്ര സ്‌കൂളിന്റെ ഉദ്ഘാടന നോട്ടീസിൽ നിന്നും ജി സുധാകരന്റെ പേര് ഫോട്ടോഷോപ്പിലൂടെ എച്ച് സലാം എംഎൽഎയുടെ ഓഫീസ് നീക്കം ചെയ്തത് വിവാദമായിരുന്നു. എന്നാൽ പദ്ധതിയുടെ ആദ്യാവസാനം വരെ നിന്ന എല്ലാവരേയും ഉൾപ്പെടുത്തുകയെന്നത് സാധ്യമല്ലെന്നാണ് സിപിഐഎം നൽകുന്ന മറുപടി.
കെ സി വേണുഗോപാലിനെ ഉദ്ഘാടന പരിപാടിയിൽ ഉൾപ്പെടുത്താത്തതിൽ കോൺഗ്രസും അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം പ്രവർത്തനം തടസ്സപ്പെട്ടപ്പോഴൊക്കെ യോഗം വിളിച്ച് കൂടെ നിന്ന കെ സി വേണുഗോപാലിനെ മാറ്റി നിർത്തിയത് വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് വിമർശിച്ചു.