ബ്രിട്ടീഷ് അക്കാദമി ഫിലിം( ബാഫ്റ്റ) പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ നിന്ന് എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ പുറത്തായി. മികച്ച ഇംഗ്ലീഷിതര ഭാഷാചിത്രത്തിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ആര്‍ആര്‍ആര്‍ ആദ്യം ഇടം നേടിയിരുന്നെങ്കിലും അന്തിമപട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്കല്‍ ചോയ്‌സ് തുടങ്ങിയ പുരസ്‌കാരനേട്ടങ്ങള്‍ക്കിടയിലാണ് ഈ തിരിച്ചടിയുണ്ടായത്.
അതേ സമയം മറ്റൊരു ഇന്ത്യന്‍ ചിത്രം അന്തിമ പട്ടികയിലിടം നേടിയിട്ടുണ്ട്. ഡോക്യുമെന്ററി വിഭാഗത്തിലെ അവസാന അഞ്ചംഗ പട്ടികയില്‍ ഇന്ത്യന്‍ ചിത്രം ഓള്‍ ദാറ്റ് ബ്രീത്സ് ആണ് ഇടം നേടിയത്. ഷൗനക്ക് സെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍.
മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആണ് നാട്ടു നാട്ടു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയത്. എം.എം കീരവാണിയാണ് ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്.