കിങ്‌സ്റ്റണ്‍: നിക്ഷേപ തട്ടിപ്പില്‍ ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് കോടികള്‍ നഷ്ടമായ കേസില്‍ അന്വേഷണം ആരംഭിച്ചു. കിങ്‌സ്റ്റണിലെ സ്‌റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച 12 ദശലക്ഷം ഡോളര്‍ (97 കോടിയോളം രൂപ) ആണ് താരത്തിന് നഷ്ടമായന്നെ് അറിയിച്ച് ബോള്‍ട്ടിന്റെ അഭിഭാഷകന്‍ ലിന്റണ്‍ പി ഗോര്‍ഡണ്‍ രംഗത്തെത്തിയിരുന്നു. 12,000 ഡോളര്‍ (9 ലക്ഷത്തോളം രൂപ) ആണ് മാത്രമാണ് താരത്തിന്റെ അക്കൗണ്ടില്‍ ബാക്കിയുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു.
ബാങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ജമൈക്കയിലെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കമ്മീഷന്‍ മാനേജരെ നിയമിച്ചിരുന്നു. ആരോപണങ്ങളെ ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ കൂടുതല്‍ മുതിര്‍ന്ന പൗരന്മാര്‍ സമാനരീതിയില്‍ തട്ടിപ്പിനിരയായതായി കണ്ടെത്തി. സംഭവത്തില്‍ സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിന് പിന്നാലെ ജമൈക്കന്‍ സാമ്പത്തിക സേവന കമ്മീഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എവര്‍ട്ടണ്‍ മക്ഫര്‍ലെയ്ന്‍ രാജിവെച്ചിരുന്നു. ക്രമക്കേടിനെക്കുറിച്ച് നേരത്തെ വിവരമറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ആരോപത്തിലാണ് രാജി. സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ മാനേജരാണ് പണം തട്ടിയതെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഒരാഴ്ചക്കകം പണം തിരികെ ലഭിച്ചില്ലെങ്കില്‍ നിയമനടപടിക്ക് ഒരുങ്ങുമെന്നും ബോള്‍ട്ട് അറിയിച്ചിട്ടുണ്ട്.