ഹൈദരാബാദ്: ദേശീയതലത്തിൽ വീണ്ടും പ്രതിപക്ഷ ഐക്യത്തിന് നീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. അടുത്ത മാസം 17-ന് നടക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് പ്രാദേശിക പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും കെസിആർ ക്ഷണിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർക്കാണ് ക്ഷണം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതിനിധിയായി ജെഡിയു നേതാവ് ലലൻ സിംഗ് പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. ഡോ. ബി ആർ അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കറും ചടങ്ങിനെത്തും. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്‍രിവാൾ, ഭഗവന്ത് മൻ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ അണിനിരത്തി തെലങ്കാനയിലെ ഖമ്മത്ത് കെസിആറിന്‍റെ ഭാരത് രാഷ്ട്രസമിതി മെഗാറാലി നടത്തിയിരുന്നു.