ദില്ലി: വിവാദമായ ബിബിസി ഡോക്യുമെൻ്ററിയുടെ പ്രദർശനത്തെ ചൊല്ലി ദില്ലി ജെഎൻയു ക്യാംപസിൽ സംഘർഷം. ലാപ്പ്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെൻ്ററി കണ്ട വിദ്യാർത്ഥികൾക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാർത്ഥികൾ ആരംഭിക്കുന്നത്. കല്ലേറിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി.
പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിയുടെ ഇന്ന് ജെഎൻയും ക്യാംപസിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. രാത്രി 9 മണിക്കാണ് ഡോക്യുമെൻ്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ ഡോക്യുമെൻ്ററി പ്രദർശനത്തിനായി ഒത്തുകൂടിയ വിദ്യാർത്ഥികൾ സ്വന്തം മൊബൈൽ ഫോണുകളിലും ലാപ്പ് ടോപ്പുകളിലുമായി ഒന്നിച്ചിരുന്ന് ഡോക്യുമെൻ്ററി കാണാനാരംഭിച്ചു. ഇതിനിടെയാണ് വിദ്യാർത്ഥികൾക്ക് നേരെ കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്ന് പരിക്കേറ്റ ഒരു വിദ്യാർത്ഥിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം ഒളിഞ്ഞു നിന്നു കല്ലെറിഞ്ഞവർ പിന്നീട് അടുത്തേക്ക് എത്തി കല്ലേറ് നടത്തിയെന്നും ഈ കുട്ടി പറയുന്നു. സംഭവത്തിൽ സർവ്വകലാശാല അധികൃതർക്ക് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
അതേസമയം ഡോക്യുമെൻ്ററി പ്രദർശനം തടയാനായി ലൈബ്രറിയിലേയും ക്യാൻ്റീനിലേയും വൈദ്യുതി വിച്ഛേദിച്ചതിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. വൈദ്യുതി വിച്ഛേദിക്കുന്നത് ഏകാധിപത്യപരമായ നടപടിയാണെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.