Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കും: ആരോഗ്യ വകുപ്പ് മന്ത്രി...

ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കും: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ പരിശോധന തുടരും. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15നകം ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാൻ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം.

രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് പരിശോധിക്കണം. വാക്‌സീനുകൾ എടുത്തിട്ടുണ്ടോ എന്ന പരിശോധിക്കും. പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിന് രക്തപരിശോധന അടക്കം പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

അതത് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഫെബ്രുവരി ഒന്നു മുതല്‍ പരിശോധന നടത്തും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (ഇന്റലിജന്‍സ്) അപ്രതീക്ഷിത പരിശോധനകള്‍ നടത്തും. സ്ഥാപനങ്ങള്‍ കൂടാതെ മാര്‍ക്കറ്റുകള്‍ ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകള്‍ നടത്തുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments