Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡ്രൈവർ മദ്യപിച്ചുവെന്ന കാരണത്താൽ​ ഇൻഷുറൻസ്​ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന്​ ഹൈകോടതി

ഡ്രൈവർ മദ്യപിച്ചുവെന്ന കാരണത്താൽ​ ഇൻഷുറൻസ്​ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന്​ ഹൈകോടതി

കൊച്ചി: ഡ്രൈവർ മദ്യപിച്ചുവെന്ന കാരണത്താൽ അപകടത്തിനിരയാകുന്നയാൾക്ക്​ ഇൻഷുറൻസ്​ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന്​ ഹൈകോടതി. പോളിസി സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെങ്കിലും അപകടത്തിന്‌ ഇരയാകുന്നയാൾക്ക്‌ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന്​ ജസ്റ്റിസ്​ സോഫി തോമസ്​ വ്യക്​തമാക്കി.

മഞ്ചേരി മോട്ടോർ ആക്‌സിഡന്‍റ്​സ്​ ക്ലെയിം ട്രൈബ്യൂണൽ (എം.എ.സി.ടി) നൽകിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി നിലമ്പൂർ നടുവക്കാട്‌ മുഹമ്മദ്‌ റാഷിദ്‌ നൽകിയ അപ്പീൽ ഹരജിയിലാണ്‌ ഉത്തരവ്​.

2013ൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഒന്നാം പ്രതി ഗിരിവാസൻ ഓടിച്ച കാറിടിച്ചാണ്​ ഹരജിക്കാരന്​ ഗുരുതരമായി പരിക്കേറ്റത്​. ഏഴ് ദിവസം ആശുപത്രിയിൽ ചികിത്സയിലും തുടർന്ന്​ ആറ് മാസം വീട്ടിൽ വിശ്രമത്തിലും കഴിഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹരജിക്കാരൻ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ്​ അനുവദിച്ചത്​. തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​.

അപകടത്തിനിടയാക്കിയ കാർ ഇൻഷുർ ചെയ്‌തിട്ടുണ്ടെങ്കിലും ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. വാഹന ഉടമയോ ഡ്രൈവറോ ഈ വാദത്തെ എതിർത്തില്ലെന്നും വ്യക്​തമാക്കി. എന്നാൽ, നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കമ്പനിക്ക്​ നിയമപരമായ ബാധ്യതയുണ്ടെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇരക്ക്​ നഷ്‌ടപരിഹാരം നൽകാൻ കമ്പനി ബാധ്യസ്ഥരാണ്​. അതേസമയം, ഇത്‌ ഡ്രൈവർ, വാഹന ഉടമ എന്നിവരിൽനിന്ന്​ ഈടാക്കാവുന്നതാണെന്നും വ്യക്​തമാക്കി. തുടർന്ന്​ ട്രൈബ്യൂണൽ ഉത്തരവിട്ട നഷ്‌ടപരിഹാരത്തുകക്ക്​ പുറമെ 39,000 രൂപ കൂടി നൽകാൻ കോടതി നിർദേശിച്ചു. ഈ തുക വർഷംതോറും ഏഴു ശതമാനം പലിശ നിരക്കിൽ ഹരജിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിൽ രണ്ടു മാസത്തിനകം നിക്ഷേപിക്കാനും ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments