തിരുവനന്തപുരം: പ്രവാസികള്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച പ്രവാസീ സൗഹൃദ ബജറ്റാണ് സംസ്ഥാന സർക്കാറിന്റേതെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. ഏറ്റവും പ്രധാനം ലക്ഷക്കണക്കിന് വരുന്ന സാധാരണ പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വിമാനയാത്രാക്കൂലിയില്‍ ഇടപെടാനുള്ള തീരുമാനമാണ്.
സീസണ്‍ സമയത്ത് എയര്‍ലൈന്‍ ഓപ്പറേററര്‍മാരുമായി ഇടപെട്ട് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്താനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരിക്കാനുള്ള തീരുമാനം ഗള്‍ഫ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏററവും ആശ്വാസം നൽകുന്നതാണ്. ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് തന്നെ ആദ്യമായാണ്. പ്രവാസി പുനരധിവാസത്തിനും, ക്ഷേമത്തിനും നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന എല്ലാ പദ്ധതികളും തുടരുന്നതിനോടൊപ്പമാണ് പുതിയ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയത്തെന്നും ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായും പുതിയ നൈപുണ്യ വികസന പദ്ധതികള്‍ക്കുമായും 84.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതുപോലെ തന്നെ കുറഞ്ഞ വരുമാനക്കാരായ റിട്ടേണ്‍ഡ് എമിഗ്രന്‍റസിന് വേണ്ടിയുള്ള പ്രവാസിഭദ്രത, പ്രവാസി ഭദ്രത-മൈക്രോ,കെ.എസ്.ഐ.ഡി.സി മുഖേനയുള്ള പ്രവാസി ഭദ്രത-മെഗാ, സാന്ത്വന എന്നിവയ്ക്കും, എൻ.ഡി,പി.ആർ.ഇ.എം പദ്ധതിയ്ക്കും ആവശ്യമായ തുകയും നീക്കി വച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് എമര്‍ജന്‍സി ആംബുലന്‍സ് സേവനങ്ങള്‍ക്ക് 60 ലക്ഷം രൂപയും ലോക കേരളസഭയുടെ തൂടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
മാവേലിക്കരയില്‍ നോര്‍ക്കയുടെ കൈവശമുള്ള ഭൂമിയില്‍ ലോക മലയാള കേന്ദ്രം/ലോക സാംസ്കാരിക കേന്ദ്രം എന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. പ്രവാസലോകത്തെ മുഖ്യമായ പല പ്രശ്നങ്ങളേയും ശരിയായ നിലയില്‍ അഭിസംബോധന ചെയ്യുന്ന ഈ ബജററ് പ്രവാസികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.