മെൽബൺ• രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് ഓസ്ട്രേലിയ ട്വന്റി20 ടീം ക്യാപ്റ്റൻ ആരൺ ഫിഞ്ച്. 2011ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച ഫിഞ്ച്, 76 ട്വന്റി20കളിൽ ഓസീസിനെ നയിച്ചു. താരം ആകെ കളിച്ചത് 103 ട്വന്റി20 രാജ്യാന്തര മത്സരങ്ങളാണ്. ട്വന്റി20യിൽ പുതിയ ക്യാപ്റ്റനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല.
അടുത്ത ട്വന്റി20 ലോകകപ്പിൽ കളിക്കാത്തതിനാൽ ഇതാണു കളി നിർത്താൻ പറ്റിയ സമയമെന്നു കരുതുന്നതായി ആരൺ ഫിഞ്ച് മാധ്യമങ്ങളോടു പറഞ്ഞു. ലോകകപ്പിനു മുൻപ് ആസൂത്രണങ്ങൾക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് ആവശ്യത്തിനു സമയം ലഭിക്കുമെന്നും ഫിഞ്ച് മെല്‍ബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രതികരിച്ചു. 2018ലും 2014ലും ഓസ്ട്രേലിയയിലെ മികച്ച ട്വന്റി20 താരമായി ഫിഞ്ച് തിരഞ്ഞെടുക്കപ്പെട്ടു.
2021ൽ ഓസ്ട്രേലിയയെ ആദ്യമായി ട്വന്റി20 കിരീടത്തിലെത്തിച്ചു. 2015ൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിന്റെ ഭാഗമായി. രാജ്യാന്തര ട്വന്റി20യിൽ പുരുഷ താരങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയത് ഫിഞ്ചാണ്. 2018 ല്‍ സിംബാബ്‍വെയ്ക്കെതിരെ 76 പന്തിൽ 172 റൺസാണു താരം നേടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഫിഞ്ച് ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നത്. 29 വയസ്സുകാരനായ പാറ്റ് കമ്മിൻസിനെ പിന്നാലെ ഏകദിന ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തു.