ലഖ്നൗ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (പിഎംഎവൈ) യിലൂടെ ലഭിച്ച പണവുമായി ഭർത്താക്കൻമാരെ ഉപേക്ഷിച്ച് നാല് സ്ത്രീകൾ കാമുകൻമാർക്കൊപ്പം പോയതായി പരാതി. ഉത്തർപ്രദേശിലെ ബർബാങ്കി ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട് നിർമിച്ച് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.
പദ്ധതിപ്രകാരം കുടുംബനാഥയുടെ അക്കൗണ്ടിലാണ് തുക വരിക. ഇത്തരത്തിൽ 50,000 രൂപ ആദ്യ ഗഡു ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് യുപിയിൽ നാല് സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് പോയതെന്നാണ് പരാതി.ഇതോടെ ഭർത്താക്കൻമാർ പ്രതിസന്ധിയിലായിരിക്കുകയാണ്. വീടിന്റെ നിർമാണം ഇതുവരെ തുടങ്ങാൻ സാധിക്കാതിരുന്നതോടെ ജില്ലാ അർബൻ ഡെവലപ്പ്മെന്റ് ഏജൻസിയിൽ നിന്ന് ഇവർക്ക് മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. അടുത്ത ഗഡു ഭാര്യമാരുടെ അക്കൗണ്ടിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇവർ ഇപ്പോൾ അധികൃതരെ സമീപിച്ചിട്ടുണ്ട്.
ബർബാങ്കിയിലുള്ള ബെൽഹാര, ബാങ്കി, സയ്ദ്പുർ,സിദ്ധൗർ എന്നീ നഗർ പഞ്ചായത്തുകളിലെ സ്ത്രീകളെയാണ് കാണാതായത്. ആദ്യ ഗഡു ലഭിച്ചിട്ടുംഇവരുടെ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാത്ത സാഹചര്യത്തിലാണ് ഈ വിചിത്രമായ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
പ്രോജക്ട് ഒഫീസറായ സൗരഭ് ത്രിപാഠി വീട് നിർമാണം ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ആദ്യമൊരു നോട്ടീസ് നൽകിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. പിന്നീട് സ്ത്രീകളുടെ ഭർത്താക്കന്മാർ സർക്കാർ ഓഫീസിലെത്തി അധികൃതരോട് കാര്യങ്ങൾ പറഞ്ഞു, ‘തങ്ങളുടെ ഭാര്യമാർ അവരുടെ കാമുകന്മാരോടൊപ്പം പോയെന്നും പിഎംഎവൈയുടെ രണ്ടാം ഗഡു ക്രെഡിറ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ ഈ ഗുണഭോക്താക്കളുടെ പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ത്രിപാഠി പറഞ്ഞു.