തിരുവനന്തപുരം: കുറവന്‍കോണത്ത് യുവതിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പള്ളിച്ചല്‍ സ്വദേശി വൈശാഖിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായ വകുപ്പിലെ ക്ലര്‍ക്കാണ് പ്രതി.
രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. കാറിലിരുന്ന പള്ളിച്ചല്‍ സ്വദേശിയായ വൈശാഖ് വഴിയാത്രക്കാരിയായ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്തു. പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടികൂടി. എന്നാല്‍ കാറുമായി വൈശാഖ് രക്ഷപ്പെട്ടു.
കാറിന്റെ നമ്പര്‍ തെരഞ്ഞുള്ള അന്വേഷണമാണ് വൈശാഖിനെ പിടികൂടാന്‍ സഹായകമായത്. വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ കയറി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇതിന് മുമ്പും പെണ്‍കുട്ടി നടന്നുപോകുന്നത് ശ്രദ്ധിച്ചിട്ടുള്ള വൈശാഖ് കരുതികൂട്ടി അതിക്രമം കാണിക്കാന്‍ കാത്തുനിന്നുവെന്നാണ് പൊലീസ് പറയുന്നത്.