കൊച്ചി: വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്പളം നൽകാനാവുവെന്ന് കെ.എസ്.ആർ.ടി.സി. ഏപ്രിൽ മുതൽ വരുമാനത്തിനനുസരിച്ചെ ശമ്പളം നൽകു. ഏപ്രിൽ മുതൽ ശമ്പളത്തിനായി സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഫണ്ടില്ലാത്തതിനെ പറ്റി ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ല. വരുമാന വർധനക്കുള്ള നീക്കങ്ങളെല്ലാം യൂണിയനുകൾ പ്രതികാര ബുദ്ധിയോടെ എതിർക്കുകയാണെന്നും കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ നിലപാടറിയിച്ചു.
നേരത്തെ വിരമിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈകോടതി പറഞ്ഞിരുന്നു. ആനുകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവകാശം അനുവദിക്കാനാവില്ല. കുറച്ചെങ്കിലും ആനുകൂല്യം നല്‍കിയിട്ട് സാവകാശം തേടൂവെന്ന് കോടതി പറഞ്ഞിരുന്നു.
വേണമെങ്കില്‍ ആറുമാസം സാവകാശം അനുവദിക്കാമെന്ന് കോടതിയിൽ നിന്നും വാക്കാൽ പരാമർശവുമുണ്ടായി. ആനുകൂല്യവിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്പളം വിതരണം ചെയ്യാനാവുവെന്ന നിലപാട് കെ.എസ്.ആർ.ടി.സി സ്വീകരിച്ചിരിക്കുന്നത്.