മുംബൈ • അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നഷ്ടമായ മേൽക്കൈ തിരികെ പിടിച്ച് ഇന്ത്യൻ ഓഹരി വിപണി. മൂല്യം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിൽ ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ അഞ്ചാം സ്ഥാനം ഇന്ത്യ തിരിച്ചുപിടിച്ചു. അദാനി ഗ്രൂപ്പ് വിവാദങ്ങൾക്കിടെ മുന്നിൽക്കയറിയ ഫ്രാൻസിനെ പിന്തള്ളിയാണ് ഇന്ത്യ വീണ്ടും ഏറ്റവും വലിയ അഞ്ചാമത്തെ ഓഹരി വിപണിയായത്.
അതേസമയം, ഇന്ത്യൻ ഓഹരിവിപണിയുടെ ആകെ മൂല്യം ജനുവരി 24–ാം തീയതിയിലേതിനേക്കാൾ ഇപ്പോഴും ആറു ശതമാനം കുറവാണ്. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 3.15 ട്രില്യൻ യുഎസ് ഡോളറാണ് ഇന്ത്യൻ ഓഹരി വിപണിയുടെ ആകെ വിപണി മൂലധനം. ഇതോടെ ഫ്രാൻസിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. യുകെ ഏഴാം സ്ഥാനം നിലനിർത്തി.
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ ആഘാതം കെട്ടടങ്ങാൻ സാവകാശം ലഭിക്കുന്നതിനു മുൻപു തുടർചലനങ്ങൾ ഒന്നൊന്നായി അനുഭവപ്പെടുന്നത് വിപണിക്കു വെല്ലുവിളിയാണ്. വാണിജ്യ സംരംഭങ്ങളുടെയും വിവിധ സർക്കാരുകളുടെയും കടപ്പത്രങ്ങൾ സംബന്ധിച്ചു ഗവേഷണ റിപ്പോർട്ടുകൾ ലഭ്യമാക്കുന്ന രാജ്യാന്തര ഏജൻസിയായ മൂഡീസ് ഇൻവെസ്‌റ്റർ സർവീസ് അദാനി ഗ്രൂപ്പിലെ നാലു കമ്പനികളുടെ റേറ്റിങ് കുറച്ചതു വിപണിക്ക് ആഘാതമായിരുന്നു.