ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമത്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് കീഴിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഒരേസമയം ഒന്നാമതെത്തുന്നത്. രോഹിത് ശർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും സംയുക്ത നായകത്വത്തിന് കീഴിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ഐസിസി റാങ്കിംഗ് പ്രകാരം എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റിലായിരുന്നു ഇന്ത്യ രണ്ടാം റാങ്കില്‍ തുടര്‍ന്നിരുന്നത്. ഓസ്ട്രേലിയക്കെതിരായ ജയത്തോടെയാണ് ഇന്ത്യക്ക് മുന്നേറ്റമുണ്ടായത്. 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാമതുള്ള ഓസീസിന് 111 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 106 പോയിന്റുമാണുള്ളത്.
ഏകദിനത്തില്‍ 267 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ട് (266), പാക്കിസ്താന്‍ (258), ദക്ഷിണാഫ്രിക്ക (256), ന്യൂസിലന്‍ഡ് (252) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. ട്വന്റി 20-യില്‍ 114 പോയിന്റുമായാണ് ഇന്ത്യ പട്ടികയുടെ തലപ്പത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്താന്‍ എന്നീ ടീമുകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.
ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് കീഴിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ ടീം നിലവിൽ നാല് ടെസ്റ്റുകളുടെ പരമ്പര കളിക്കുകയാണ്. അതിൽ ഇന്ത്യ ആദ്യ മത്സരത്തിൽ വിജയിച്ചു. ഈ പരമ്പര ഇന്ത്യ ജയിക്കുകയോ ഓസ്‌ട്രേലിയയെ ക്ലീൻ സ്വീപ്പ് ചെയ്യുകയോ ചെയ്‌താൽ ഇന്ത്യൻ ടീം ടെസ്റ്റ് റാങ്കിംഗിൽ ബഹുദൂരം മുന്നിലെത്തും.