തെലങ്കാന: ഹൈദരാബാദ് കേന്ദ്ര യൂനിവേഴ്സിറ്റിയിൽ എം.എസ്.എഫ് വിദ്യാർഥികൾക്കു നേരെ എ.ബി.വി.പി പ്രവർത്തകരുടെ കൈയേറ്റ ശ്രമം. സര്‍വകലാശാലയില്‍ ഇന്നലെ നടന്ന യൂണിയന്‍ ജനറല്‍ ബോഡി യോഗത്തിൽ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ‘ഗോലി മാറോ’ വിളികളുമായി എ.ബി.വി.പി വിദ്യാർഥികൾ എം.എസ്.എസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.
എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ എത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ മുസ്‌ലിംകളെ വെടി വെക്കണമെന്നും പാകിസ്താനിലേക്ക് പോകൂ എന്നും ആക്രോശിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ചില വിദ്യാർഥികൾ ശാരീരികമായി മർദ്ദിക്കാൻ ശ്രമിച്ചെങ്കിലും എ.ബി.വി.പി പ്രവർത്തകരെ സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നുവെന്നും എം.എസ്.എഫ് ആരോപിച്ചു.
അതേസമയം, സംഭവത്തിനിടെ കാംപസിലെ സുരക്ഷ ജീവനക്കാർ പക്ഷപാതം കാണിച്ചതായും വിദ്യാർഥികൾ ആരോപിച്ചു. യോഗം അലങ്കോലപ്പെട്ടെങ്കിലും യൂനിയൻ അംഗങ്ങൾ റിപ്പോർട്ട് അവതരിപ്പിക്കുന്നത് തുടർന്നു.
യൂനിയൻ ജനറൽ ബോഡി യോഗത്തിൽ സ്ഥാനമൊഴിയുന്ന സ്റ്റുഡന്റ്‌സ് യൂനിയൻ റിപ്പോർട്ട് സമർപ്പിക്കും. അതിനു ശേഷം യൂനിയൻ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും. എ.ബി.വി.പി വിദ്യാർഥികൾ നടപടികൾ തടസ്സപ്പെടുത്തിയതായി എം.എസ്.എഫ് വിദ്യാർഥികൾ പറയുന്നു. പ്രശ്‌നമറിഞ്ഞ് യോഗം റദ്ദാക്കുകയും യൂനിയൻ പിരിച്ചുവിടുകയും ചെയ്തു.