അഗർത്തല: വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിൽ കനത്ത പോളിങ്. വൈകീട്ട് നാല് മണി വരെ 81.10 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കിരൺ കുമാർ ദിനകർ റാവുവാണ് ഇക്കാര്യമറിയിച്ചത്. 2018ൽ രാത്രി വരെ നീണ്ട വോട്ടെടുപ്പിൽ 79 ശതമാനമായിരുന്നു പോളിങ്.
രാവിലെ മുതൽ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. കനത്ത സുരക്ഷയിൽ നടന്ന തെരഞ്ഞെടുപ്പ് അവസാനിക്കുന്ന നാല് മണിക്ക് ശേഷവും വോട്ടർമാരുടെ നിര പോളിങ് ബൂത്തുകളിൽ കാണാമായിരുന്നു. 50ഓളം ഇടങ്ങളിൽ വോട്ടുയന്ത്രം തകരാറിലായി. മിസോറമിൽ നിന്ന് കുടിയേറിയ ബ്രു അഭയാർഥികൾ ഇതാദ്യമായി വോട്ടുചെയ്യാനെത്തി.
വിവിധ സംഭവങ്ങളിലായി സി.പി.എം ലോക്കൽ സെക്രട്ടറിയും പാർട്ടിയുടെ രണ്ട് പോളിങ് ഏജന്റുമടക്കം മൂന്നു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഗോമതി, സെപാഹിജാല ജില്ലകളിലാണ് സി.പി.എം പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റത്. വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.3337 പോളിങ് സ്റ്റേഷനുകളിലായി 28.13 ലഷം വോട്ടർമാർക്കായിരുന്നു വോട്ടവകാശം. 60 അംഗ നിയമസഭയിലേക്ക് ബി.ജെ.പി 55 സീറ്റുകളിലേക്കാണ് മത്സരിച്ചത്. ഇടത് പാർട്ടികൾ 47 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും ജനവിധി തേടി. ഗോത്രമേഖലയിൽ നിർണായക സ്വാധീനമുള്ള ടിപ്ര മോത്ത 42 സീറ്റിൽ മത്സരിച്ചു. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.