ആലപ്പുഴ: കാമ്പസുകളിൽ രാഷ്ട്രീയം കൊടികുത്തിവാഴുന്ന കാലം കഴിഞ്ഞുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘നാടുവിടുന്ന യുവജനങ്ങൾ’ തലക്കെട്ടിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ഈ അഭിപ്രായപ്രകടനം.
അവകാശ പോരാട്ടങ്ങളെ തള്ളിക്കളയുന്നില്ല, പക്ഷേ കാലത്തിനനുസരിച്ച് വിദ്യാർഥി-അധ്യാപക രാഷ്ട്രീയം മാറണം. സാമ്പ്രദായിക പഠനരീതികളും ശൈലികളും അന്യമാവുന്ന കാലഘട്ടമാണിത്. ആധുനിക വിദ്യാഭ്യാസം ക്ലാസ് മുറികളുടെ പുറത്തേക്കെത്തി.
മാറിയ ലോകത്തിന് അനുസരിച്ച് നമ്മുടെ നാട് മാറുന്നില്ലെന്ന ചിന്ത വിദ്യാർഥികളിലുണ്ട്. പഴഞ്ചൻ രാഷ്ട്രീയവും ഭരണസമ്പ്രദായങ്ങളും ജാതി-മത സംഘർഷങ്ങളുമൊക്കെ അവരിൽ നാടിനോട് മതിപ്പുകുറയാനുള്ള കാരണങ്ങളാണ്. അതിനെല്ലാം ഉപരിയാണ് ഇവിടെ പഠിച്ചാൽ ഇന്ത്യയിൽത്തന്നെ മികച്ച ജോലി കിട്ടുമോയെന്ന ആശങ്കയും.
വിദ്യാർഥികളുടെ ആശങ്കയകറ്റാനും പഠനവും ജോലിയും ഒരുമിച്ച് ചെയ്യാനും പുതിയ കോഴ്സുകളും സ്റ്റാർട്ടപ്പുകളും ആവിഷ്കരിക്കാൻ സർക്കാർ നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതൊന്നും അവരുടെ മനസ്സിൽ പതിയില്ല.
ബോധ്യം വരണമെങ്കിൽ അതെല്ലാം നടപ്പാക്കിക്കാണിക്കണം. വിദ്യാർഥികളിൽ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം വളർത്തണമെങ്കിൽ ആസൂത്രിത ശ്രമങ്ങളും നടപടികളും അനിവാര്യമാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ യുവജനത യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിചിത്രമായ സാഹചര്യത്തിലാണ് കേരളം. ഈ പ്രവണത തുടർന്നാൽ സമീപഭാവിയിൽ കേരളം വയോധികരുടെ നാടാകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെടുന്നു.