തിരുവനന്തപുരം: യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന ഉത്തരവില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. അതേസമയം സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ യൂട്യൂബ് ചാനല്‍ നടത്തി അധികവരുമാനം കണ്ടെത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനല്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സബ്‍സ്ക്രൈബേഴ്സ് കൂടിയാല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി അഗ്നിരക്ഷാ സേനാംഗം ഡിജിപി വഴി നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിൻെറ ഉത്തരവ്.കൃഷി വകുപ്പില്‍ ഉള്‍പ്പടെ ഉയര്‍ന്ന ഒട്ടേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യൂട്യൂബ് ചാനല്‍ വഴി നിലവില്‍ അധികവരുമാനം ഉണ്ടാക്കുന്നുണ്ട്. സ്വതന്ത്രമായ പേരിട്ട്, കുടുംബാംഗങ്ങളുടെ പേരില്‍ ചാനല്‍ തുടങ്ങിയവരാണ് അധികവരുമാനക്കാരില്‍ ഏറെയും. ഇത്തരക്കാരെ നിയന്ത്രിക്കുക പുതിയ ഉത്തരവ് വഴി പ്രയാസകരവുമാണ്. മാത്രവുമല്ല, പണം സ്വീകരിക്കാതെ സാമൂഹ്യപ്രതിബന്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിശദീകരണം നല്‍കുന്നവരുമുണ്ട്. അതസമയം സംസ്ഥാനത്തെ ചില സര്‍ക്കാര്‍ വകുപ്പുകളുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകള്‍ക്ക് നിയന്ത്രണം ഉണ്ടാവാനിടയില്ല