ചുവപ്പ് തലയിൽ കെട്ടിയാൽ കമ്മ്യൂണിസ്റ്റാവില്ലെന്നും മര്യാദയുണ്ടെങ്കിൽ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണമെന്നും എം.വി ജയരാജൻ. സിപിഐഎം തില്ലങ്കേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരി രക്ത സാക്ഷികളുടെ മണ്ണാണ്. അവിഹിതമായ മാർഗത്തിലൂടെ പണമുണ്ടാക്കി ആളാകുന്നയാളാണ് ആകാശ്. സമ്പത്തിലൂടെ എന്തും ചെയ്യുമെന്ന ഹുങ്കാണ് അയാൾക്ക്. ക്വട്ടേഷൻ സംഘത്തെ തില്ലങ്കേരി നാട് ഒരുമിച്ചെതിർക്കുകയാണ് വേണ്ടത്.
ക്വട്ടേഷൻ സംഘത്തിൻ്റെ ഏക ലക്ഷ്യം പണമുണ്ടാക്കൽ മാത്രമാണ്. അവർ പലരെയും ഭീഷണിപ്പെടുത്തുകയാണ്. ക്വട്ടേഷൻ സംഘത്തിന് സിപിഐഎം നവ മാധ്യമ ചുമതല നൽകിയിട്ടില്ല. ക്വട്ടേഷൻ വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. ഇതിൽ പാർട്ടിക്ക് ഒറ്റ അഭിപ്രായമാണെന്നും വ്യത്യസ്ത നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആകാശിനെ പുറത്താക്കിയത് താൻ ജില്ലാ സെക്രട്ടി ആയിരിക്കെയാണ്. ഷുഹൈബ് വധം പാർട്ടിക്ക് അംഗീകരിക്കാൻ പറ്റാത്ത കേസാണ്. ആ കേസോടെയാണ് ആകാശിനെ പുറത്താക്കിയതെന്നുംഷുഹൈബ് വധം പാർട്ടി തള്ളിപ്പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി തലശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. മട്ടന്നൂർ, മൂഴിക്കുന്ന് സ്റ്റേഷനുകളിൽ രണ്ട് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടെന്ന് സർക്കാർ അറിയിച്ചു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
രാഷ്ട്രീയ വിശദീകരണ യോഗത്തിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളുമാണ് പങ്കെടുക്കുന്നത്. പ്രാദേശികമായി ആകാശിനെ പിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധയാത്ര കണ്ണൂരെത്തും മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.