കൊച്ചി: ആലുവ നഗരമധ്യത്തിൽ പട്ടാപ്പകൽ പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചാണ് 19-കാരിയെ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയിൽവേ സ്റ്റേഷനിൽനിന്ന് പോലീസ് പിടികൂടി.
തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ യുവാവാണ് പട്ടാപ്പകൽ 19-കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടിയെ കടന്നുപിടിച്ചത് കണ്ട് നാട്ടുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ആളുകൾക്ക് നേരേ കല്ലെറിഞ്ഞശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് നേരേ റെയിൽവേ സ്റ്റേഷനിലേക്കാണ് ഇയാൾ ഓടിക്കയറിയത്. എന്നാൽ സ്റ്റേഷനിൽവെച്ച് റെയിൽവേ പോലീസ് ഇയാളെ കൈയോടെ പിടികൂടി. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പോലീസ് നൽകുന്നവിവരം. മയക്കുമരുന്ന് ലഹരിയിലാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു.