തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പീഡന കേസിൽ കുടുക്കി നാണം കെടുത്താൻ ശ്രമിച്ചതിന് പിന്നിലെ രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിന്റെ പങ്ക് വെളിപ്പെടുത്തി ദേശാഭിമാനി മുൻ സബ് എഡിറ്റർ ജി ശക്തിധരൻ. ‘ചാനൽ മേധാവിയും അഭിസാരികയും ഉമ്മൻചാണ്ടി ‘വധ’വും: ഒരു ആധുനിക അപസർപ്പക കഥ‘ എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ശക്തിധരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മാധ്യമ പ്രവർത്തനത്തെ അടിമപ്പണിയായി അധഃപ്പതിപ്പിച്ചു പണം കുന്നുകൂട്ടാൻ ആഗ്രഹിക്കുന്നവരുടെ ദൃഷ്ടാന്തം എന്ന പേരിലാണ് തന്റെ കണ്ടെത്തലുകൾ ശക്തിധരൻ വിവരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
ചാനൽ മേധാവിയും അഭിസാരികയും
ഉമ്മൻചാണ്ടി ‘വധ’വും:
ഒരു ആധുനിക അപസർപ്പക കഥ
(വായിക്കാൻ താൽപ്പര്യമില്ലാത്തവർ ദയവായി ഇത് ഒഴിവാക്കുക.വിമർശനങ്ങൾ രൂക്ഷമായിക്കോട്ടെ. പക്ഷെ അസഭ്യങ്ങൾ കുറയ്ക്കുക .)
മാധ്യമപ്രവർത്തനം എന്നാൽ സംശുദ്ധവും നിസ്വാർത്ഥവുമായ ജനസേവനമാണെന്നാണ് പൊതുവെ വിവക്ഷിക്കുന്നത്. എന്നാൽ മാധ്യമ പ്രവർത്തനത്തെ അടിമപ്പണിയായി അധഃപ്പതിപ്പിച്ചു പണം കുന്നുകൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെയും ആകാം. അതിനുള്ള ദൃഷ്ടാന്തങ്ങൾ ഒട്ടേറെയാണ്.
സത്യത്തെ ശ്വാസംമുട്ടിച്ചു കൊല്ലാൻ നിയോഗിക്കപ്പെട്ട ഗീബൽസുകൾ എല്ലാ മാധ്യമങ്ങളിലുമുണ്ട്. ചിലപ്പോൾ മാപ്പർഹിക്കാത്ത മൗനം കൊണ്ടാണ് സത്യത്തെ അവർ മറച്ചുപിടിക്കുക. പിഴച്ചവൾ എന്ന് ഒറ്റനോട്ടത്തിൽ തന്നെ തോന്നിപ്പിക്കുന്ന ഒരു സ്ത്രീ, പുതിയ സംരംഭക എന്ന മുഖംമൂടി അണിഞ്ഞു കേരളരാഷ്ട്രീയത്തെ ശീർഷാസനത്തിൽ നിർത്തുകയും അഭ്യസ്ത വിദ്യരായ ഒട്ടേറെപ്പേരെ സാമ്പത്തികമായി കബളിപ്പിക്കുകയും രണ്ടുഡസനിലേറെ പുരുഷന്മാർക്ക് സ്വന്തം ശരീരം കാഴ്ചവെക്കേണ്ടിവന്നു എന്ന് അധികൃതർക്ക് നൽകിയ വിവിധ പരാതികളിൽ തുറന്നു പറയുകയും ചെയ്ത അസാധാരണ സംഭവപരമ്പരയ്ക്കു കേരളം സാക്ഷിയായി. അത് നമ്മുടെ ചരിത്രത്തിൽ സമാനതയില്ലാത്ത ക്രൂരസംഭവമാണ്. പക്ഷെ ഈ സംഭവപരമ്പരകളിലെല്ലാം ശിക്ഷിക്കപ്പെട്ടത് പരാതിക്കാരി മാത്രമായതെങ്ങനെയെന്നതും ആരോപണശരങ്ങളുമായി ഇറങ്ങിയ ഈ വനിതയ്ക്കു എന്തുകൊണ്ട് ഒരു കോടതിയിലും ഇതേവരെ വിജയിക്കാൻ കഴിഞ്ഞില്ല എന്നതും പരാതിക്കാരി ഒരു പെരുംകള്ളിയാണോ എന്ന് സംശയം ജനിപ്പിക്കുന്നതു സ്വാഭാവികമാണ് . സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ നമ്മുടെ ഭരണകൂടം മുൻ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ തുടലൂരി വിട്ട സംഭവമാണിത്. എന്നാൽ അവിടെയും തിരിച്ചടി തന്നെയാണ് കിട്ടിയത്. ഇതെല്ലാം നോക്കുമ്പോൾ ഈ ആരോപണങ്ങളിൽ രാഷ്ട്രീയ അന്തർധാരകൾ ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റുപറയാനാകില്ല.
ഇത്രയൊക്കെയായിട്ടും കേരളത്തിലെ മാധ്യമങ്ങൾ ബധിരരും മൂകരും അന്ധരുമായി നിലകൊണ്ട ഇതുപോലൊരു സംഭവം അടിയന്തിരാവസ്ഥക്കു ശേഷം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കോളിളക്കം സൃഷ്ടിക്കുന്ന കുംഭകോണങ്ങൾ ഉണ്ടാകുമ്പോൾ ഗീബൽസുകൾക്കും മാധ്യമങ്ങൾക്കും ചാകരയുടെ കാലമാണ്. ഒന്നുകിൽ വാർത്ത മുക്കുക, അതല്ലെങ്കിൽ വാർത്ത വക്രീകരിച്ചു നിക്ഷിപ്ത താൽപ്പര്യക്കാരെ സംരക്ഷിക്കുക . ഇതാണ് ഇതുവരെ കണ്ടുവരുന്ന ശൈലി. ഒരു വിവാദ ബോംബ് കയ്യിലുണ്ട് ; അത് ഇപ്പോൾ പൊട്ടിച്ച് ഭുമിയെത്തന്നെ ഉടൻ പിടിച്ചു കുലുക്കിക്കളയും എന്ന് ചാനലുകളിൽ വന്നിരുന്ന് ജനങ്ങളെ ത്രിൽ അടിപ്പിക്കുന്ന ഈ ഘടോൽകചന്മാരുടെ വീരസ്യം വെറും നാട്യം മാത്രമാണെന്ന് തിരിച്ചറിയാനും ഇതുപോലൊരു അന്വേഷണ പ്രഹസനം എന്നും ചരിത്രത്തിലുണ്ടാകണം.
എൺപതിനോടടുത്തു പ്രായമുള്ള ഉമ്മൻചാണ്ടിയെ പെണ്ണുപിടിയനായ രാഷ്ട്രീയക്കാരനായി വരുത്തിത്തീർക്കാൻ ഒരു മോക്ക് കോടതിയെത്തന്നെ സൃഷ്ടിക്കുകയായിരുന്നോ കേരളം? അതും ഉമ്മൻചാണ്ടി തന്നെ നിയമിച്ച ജഡ്ജി! അതോ ഉമ്മൻചാണ്ടിയുടെ നിസ്സംഗ സമീപനം എതിരാളികളെ വെളുപ്പിക്കാൻ നടന്നവർ മുതലെടുക്കുകയായിരുന്നോ? കേസ് അന്വേഷണം നടത്തിയ ഡിജിപിയോട് വിചാരണക്കിടെ കോടതിമുറിയിൽ ചോദിച്ചുവത്രെ, സരിതാ നായരെ കണ്ടിട്ട് എന്ത് തോന്നുന്നുവെന്ന് ! അതായത് കാഴ്ച്ചയിൽ എങ്ങിനെയുണ്ടെന്നർത്ഥം.
വയോവൃദ്ധനായ ഉമ്മൻചാണ്ടിയെ പാതാളത്തോളം താഴ്ത്താൻ അഭിഭാഷകരുടെ വൻ സന്നാഹവുമായി ഒരു ഭാഗത്തു കരുക്കൾ നീക്കിയ ടിവി യജമാനൻ ജോൺ ബ്രിട്ടാസല്ലേ ഈ അഭിസാരികയുമായി രാത്രി പന്ത്രണ്ടിനും അതിനുശേഷവും നിരന്തരം സല്ലാപത്തിൽ ഏർപ്പെട്ടിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്? ഏത് പാതിരാത്രിക്കായാലും സൗഹൃദം പങ്കിടുന്നത് തെറ്റല്ല. അതൊക്കെ വ്യക്തിയുടെ സ്വാതന്ത്ര്യം. പക്ഷെ അതേ കക്ഷികൾ തന്നെ ചാനലിലെ വിചാരണയിൽ ന്യായാധിപന്റെയും പരാതിക്കാരിയുടെയും കസേരയിൽ ഇരിക്കുന്നത് കാണുമ്പോൾ ഒരസ്വാഭാവികത തോന്നുന്നില്ലേ? അതിൽ ദുഷ്ടവിചാരങ്ങൾ ഒന്നും ഇല്ലാതിരിക്കാം. വഴിയേ പോയവരെയെല്ലാം പ്രതിക്കൂട്ടിൽ കയറ്റി നിർത്തിച്ചു മുട്ടിടിപ്പിച്ചിട്ടും ഈ തലോടൽ മാത്രം വേറെ ഗണത്തിൽ പെടുത്തണമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്രയും ഉപ്പ് പോരാ. പാവനമായ ഈ സൗഹൃദത്തിന്റെ കാണാക്കയങ്ങൾ മാത്രം എങ്ങും വരാതെ മറച്ചുപിടിക്കുമ്പോൾ എന്തോ ഒരു സംശയം! ആ കൂടിക്കാഴ്ചയുടെ മാസവും ദിവസവും സംഭാഷണ ദൈർഘ്യവും പരസ്യമായ രേഖയാണ്.
എന്ത് വഞ്ചനയാണിത് ജോൺ ബ്രിട്ടാസ്? എത്ര കിണഞ്ഞു ശ്രമിച്ചിട്ടും സിബിഐയും അന്വേഷണ ഏജൻസികളും ജഡജിയുമെല്ലാം കയ്യിലുണ്ടായിട്ടും സാക്ഷിക്കൂട്ടിൽ നിരനിരയായി വാടകയ്ക്ക് ആളുകളെ എത്തിച്ചിട്ടും ഉമ്മൻചാണ്ടിയെ ”പാതാളത്തിൽ വീഴ്ത്താൻ” എന്തുകൊണ്ടാണ് കഴിയാതെപോയത് ? ഉമ്മൻചാണ്ടിയുടെ ആയുരാരോഗ്യങ്ങൾ ഉത്ക്കണ്ഠയോടെ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആൾക്കു തന്നെ ഇതൊക്കെ ചെയ്യാൻ എങ്ങിനെ കഴിയുന്നു?
ഒന്ന് സങ്കൽപ്പിച്ചു നോക്കൂ: വിവാദനായികയുമായി പാതിരാ പ്രേമസല്ലാപം, സിബിഐയിൽ ഉമ്മൻചാണ്ടിയെ കാരാഗൃഹത്തിലേയ്ക്കയക്കാൻ തെളിവുകൾക്കുള്ള നെട്ടോട്ടം; അതേസമയം ഉമ്മൻചാണ്ടിയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതായി നാട്യവും. ഇതെല്ലാം ഒരാൾക്ക് ഒരേസമയം എങ്ങിനെ കഴിയുന്നു ജോൺ ബ്രിട്ടാസ്?.ആ ഹൃദയം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? എന്തുതരം തോലാണ് അതിന്റെ ആവരണം?
ഉമ്മൻചാണ്ടി മന്ത്രിസഭയുടെ അവസാനകാലത്തു എന്തിനും പോന്ന ഈ അളിഞ്ഞ സ്ത്രീയുടെ തോഴരായും നിഴലായും കൂട്ടിക്കൊടുപ്പുകാരായും അവതരിച്ച ചെങ്കീരികൾ ആ മന്ത്രിസഭയുടെ അന്ത്യം കണ്ടേ പോയുള്ളൂ എന്നത് ചരിത്രം. അതിന്റെ ഉൾഭയം കൊണ്ടാകാം അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മുഴം നീട്ടിയെറിഞ്ഞ് അവതാരങ്ങളെ ആട്ടിയോടിക്കുമെന്ന് സത്യപ്രതിജ്ഞ ചൊല്ലിയ പാടെ പ്രഖ്യാപിച്ചത് . ചതുരുപായങ്ങൾ പ്രയോഗിച്ചു പ്രതിയോഗികളെ വീഴ്ത്തുന്നതിൽ നിപുണർ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ജോണ് ബ്രിട്ടാസിനോളം വിരുതുള്ളവർ അതിൽ ഏറെയുണ്ടാകില്ല. .സമാദരണീയനായ ഒരു നേതാവിനെ പെണ്ണുകേസിൽ കുടുക്കി ശേഷിച്ച ജീവിതം മുഴുവൻ കാരാഗൃഹത്തിലാക്കാമെന്ന പൂതി നടക്കാതെപോയത് അദ്ദേഹത്തിന്റെ ദൈവവിശ്വാസം കൊണ്ടാണോ എന്ന് ചിലർക്കെങ്കിലും തോന്നിയാൽ തെറ്റ് പറയാനാകില്ല. സത്യത്തിന്റെ മുഖം സ്വർണ്ണപാത്രം കൊണ്ട് ആർക്കും മൂടിവെക്കാനാകില്ല. കേസിന്റെ വിധി മറിച്ചായിരുന്നെങ്കിൽ ജോൺ ബ്രിട്ടാസിന്റെ ശിരസ്സിൽ പിണറായി വിജയൻ വെച്ചുകൊടുക്കുന്ന സ്വർണപാത്രം കേരളം കാണേണ്ടിവരുമായിരുന്നു. തന്നിലർപ്പിച്ച ഔദ്യോഗിക ചുമതല നിർവഹിച്ചതിനു എന്തിനാണ് ഒരു മാധ്യമപ്രവർത്തകനെ നിന്ദിക്കുന്നത് എന്നു ചോദിക്കാം. ശരിയാണ്. അതിസാമർഥ്യവും ഒപ്പമുള്ള അവതാരങ്ങളുടെ ശിക്ഷണവും കൊണ്ട് ക്ലിഫ് ഹൗസിലെ മാൻപേടയായി പിണറായി ഭരണത്തിന്റെ തലയിൽ അവരെ വെച്ചുകെട്ടിയതായിരിക്കാം. ആ യവനസുന്ദരിക്ക് അപ്രാപ്യമായി ക്ലിഫിൽ ഒന്നുമുണ്ടായിരുന്നില്ല. ആഭ്യന്തര ഭരണംപോലും. സ്വപ്നാസുരേഷിന്റെ പൂർവ്വാവതാരമായിരുന്നോ ഈ യവനസുന്ദരി? രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ കിളിനാദം ചെവിയിൽ മുഴങ്ങാത്ത ദിനങ്ങൾ അപൂർവ്വമായിരുന്നുവെന്നാണ് ഫോൺ തെളിവുകൾ നിരത്തി ചിലരുടെ ഭാഷ്യം ..
സ്വൈരക്കേട് അധികമായപ്പോൾ കോൺഗ്രസിലെ ഒരു ‘തെക്കൻ അങ്ക ചേവകർ’ മുമ്പ് ജോൺ ബ്രിട്ടാസ് മലപ്പുറത്ത് വസ്ത്രങ്ങൾ ഉരിഞ്ഞു ക്യാമറകൾ വെച്ച് തനിക്കിട്ട് പണിതതുപോലെ ഒന്ന് തിരിച്ചും പണിതാലോ എന്ന് ചിന്തിച്ചിട്ടുണ്ടാകാം. അദ്ദേഹം സദാചാര പോലീസായി ഒന്ന് വീശിനോക്കി. തലസ്ഥാനത്തു പ്രസ്‌ക്ലബ്ബിൽ പത്രസമ്മേളനത്തിലൂടെ ഈ നാറ്റക്കേസ് മാലോകരെ അറിയിക്കാൻ കരുക്കൾ നീക്കി. അത് അട്ടിമറിക്കാൻ സ്വയരക്ഷക്ക് ബ്രിട്ടാസും കരുക്കൾ നീക്കിയെങ്കിൽ അതിൽ അസ്വാഭാവികത ഒന്നുമില്ല. അതാണ് നമ്മുടെ ലോകം. എങ്കിലും വിരൽത്തുമ്പിൽ ചെറിയ വിറയൽ. വരാനിരിക്കുന്ന ഈ അട്ടിമറി വാർത്ത പുറംലോകം അറിയാതിരിക്കാൻ ബ്രിട്ടാസ് സ്വന്തം കിങ്കരന്മാർ മുഖാന്തിരം കോൺഗ്രസ് പാർട്ടി മേധാവിയെ തന്നെ ചാക്കിലാക്കി. ചാനൽ മേധാവിക്കെതിരെ ആരും സദാചാരപോലീസ് ചമയണ്ട എന്ന കല്ലേൽ പിളർക്കുന്ന കൽപ്പന വന്നതോടെ ‘തെക്കൻ അങ്ക ചേകവർ’ കോപിച്ചു. പത്രസമ്മേളനത്തിൽ നിന്ന് പിന്മാറില്ലെന്ന് ശാഠ്യംപിടിച്ചു . എന്നാൽ കാണിച്ചു തരാം എന്ന് നേതാവിന്റെ വെല്ലുവിളി . കൊല്ലത്തെ കോൺഗ്രസ്സ് വേദിയിൽ അതൊരു കലുഷിതമായ കാളരാത്രിയായി നീളുമ്പോൾ അവസാനം ” തെക്കൻ കേരള അങ്കചേവകർ” അടങ്ങി. ചില ചാനൽ സുഹൃത്തക്കളെയും മാധ്യമ സുഹൃത്തുക്കളെയും ഫോണിൽ വിളിച്ചു പാർട്ടിയിയിലെ ദുഷ്ടശക്തികൾ നിയമത്തെ നിയമത്തിന്റെ വഴിക്കു പോകാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞു കോപിച്ചു. ‘തെക്കൻ അങ്കചേകവർ’ കാര്യങ്ങൾ തൽക്ഷണം വിശദീകരിച്ചവരുടെ കൂട്ടത്തിൽ ഒരു “വിഷജീവി” എന്ന് കരുതുന്ന ഈയുള്ളവനും പെട്ടു. രാത്രി ഏറെ വൈകിയ നേരം. ഉറക്കത്തിൽ നിന്നാണ് ഞാൻ ഈ കക്ഷിയുടെ കഥ കേൾക്കാൻ ആരംഭിച്ചത്. കുറേകഴിഞ്ഞപ്പോൾ ഫോൺ തന്നെ കഥ കേട്ട് മുഴുമിപ്പിച്ചു. അടുത്തദിവസം “പുനഃസംപ്രേക്ഷണം” കേട്ട് ഞെട്ടിപ്പോയി. ചൂടുള്ള ഈ കഥ കൗമാരക്കാർക്കാകും പഥ്യം എന്നു കരുതിവിട്ടു. നമുക്ക് ചേരുന്നതല്ലെന്ന് കണ്ട് തമസ്ക്കരിച്ചു. പ്രത്യേകിച്ചും ബ്രിട്ടാസുമായുള്ള അടുപ്പവും മാനിച്ചു.
എന്നാൽ കോൺഗസ്സിലെ ‘തെക്കൻ അങ്ക ചേവകർ’ പത്രസമ്മേളനം റദ്ദാക്കിയെങ്കിലും രാഷ്ട്രീയ പക്ഷപാതങ്ങൾ ആരോപിക്കാൻ ആവാത്ത പ്രബല ചാനലിൽ തന്നെ വൈകാതെ തെളിവുകളോടെ വിഷയം സംപ്രേക്ഷണം ചെയ്യപ്പെട്ടു. 2014 മെയ് അഞ്ചിന് അത് ചാനലിൽ പ്രത്യക്ഷപ്പെട്ടു. പക്ഷെ ഉപജാപകസംഘം യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങി വാർത്ത മുക്കി.
റിലീസ് ആകാത്ത സിനിമാപ്പെട്ടി പോലെ ഇരുന്ന ഈ പെൻഡ്രൈവിന് പുതുജീവൻ വെച്ചത് ഉമ്മൻചാണ്ടിയെ പാതാളത്തിലിറക്കിയേ അടങ്ങൂ എന്ന കൊടുംവാശി മൂത്തത് കണ്ടതോടെയാണ്. എനിക്ക് നേർസാക്ഷ്യം ഉണ്ടായിരുന്നത് സദാചാരപോലീസ് മൊഴികൾ മാത്രമായിരുന്നു. പിന്നീടാണ് ഏശാതെ പോയ ചാനൽ സംപ്രേക്ഷണം കേട്ട് നോക്കിയത്.
അന്വേഷണം പത്രസമ്മേളനം കർക്കശമായി തടഞ്ഞ നേതാവിൽ നിന്ന് തുടങ്ങി. ഉമ്മൻചാണ്ടിയെ രാഷ്ട്രീയമായി ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമമാണിതെന്ന് എനിക്ക് ബോധ്യമായപ്പോൾ ഞാൻ ഇക്കാര്യം സംസാരിക്കാൻ കോൺഗ്രസ് മേധാവിയെ കണ്ടു. “സത്യം പറയും എന്ന പ്രതീക്ഷയിൽ ഒരു കാര്യം ചോദിക്കുകയാണെന്ന് “ ആമുഖത്തോടെ വിവരം ആരാഞ്ഞപ്പോൾ മറുപടി ഇപ്രകാരമായിരുന്നു: “ഏതു കാര്യത്തിലും ശക്തിയോട് ഞാൻ സത്യേമേ പറയൂ” എന്ന് . അതു കേട്ടപ്പോൾ മനംകുളിർത്തു. ഞാൻ എന്റെ സംശയം ഉന്നയിച്ചു. ധരിച്ചുവെച്ചിരിക്കുന്നതെല്ലാം സത്യമാണെന്നു ഉറപ്പായപ്പോൾ ഞാൻ ഇത്രയും മനസ്സിൽ പറഞ്ഞുവെച്ചു. “പുറംലോകം എന്തുപറഞ്ഞാലും ആ നേതാവിന് ഉമ്മൻചാണ്ടിയോടുള്ള ആദരവ് വർധിച്ചിട്ടേയുള്ളൂ ” ഉമ്മൻചാണ്ടിയെ പെണ്ണുപിടിക്കേസിൽ സിബിഐയെ കൊണ്ട് ജയിലിലടപ്പിക്കാൻ ക്ലിഫ് ഹൗസിൽ നടന്ന എല്ലാ ഉപജാപങ്ങളുടെയും സൂത്രധാരന്റെ ഇരട്ടറോൾ അതോടെ വ്യക്തമായി. തത്വദീക്ഷയില്ലാത്ത കമ്മ്യുണിസ്റ്റുകാരെ അത് സന്തോഷിപ്പിക്കുമായിരിക്കാം. ബ്രിട്ടാസിനോടുള്ള അവരുടെ വീരാരാധാന കൂട്ടുമായിരിക്കാം. എവിടെയും അലക്കുകല്ലിന് അടികൊള്ളുക എന്നതാണല്ലോ രീതി. വെളുപ്പിക്കുക എന്നതാണ് അതിന്റെ ജോലി. അത് തന്നെയാണ് ഗീബൽസും ചെയ്തിരുന്നത്.
എന്റെ മൗനം കൊണ്ട് മനസ്സിൽ അടച്ചുവച്ച വീർപ്പുമുട്ടലിൽ ഹൃദയം പൊട്ടി പോകുമെന്ന് വന്നപ്പോളാവാം ഇതെല്ലാം ഇപ്പോൾ പുറത്തേക്ക് ചാടിയത്. ഉമ്മൻചാണ്ടി ഭരണത്തിൽ ഋതുക്കൾ വന്നതും ഋതുക്കൾ പോയതും അറിയാതെ ബോറടിച്ചിരുന്ന ന്യായാധിപനെ, വിചാരണകോടതിയിൽ നൃത്തച്ചുവടുകളിലൂടെ മാൻപേടക മനമിളക്കിയെങ്കിൽ അത്ഭുതമില്ല. അതുകൊണ്ടാകും കോടതിയിൽ എന്നും കാണണമെന്ന് തോന്നിയിട്ടുണ്ടാകുക. കാര്യങ്ങളുടെ പോക്ക് ഇത്രയും സുഗമമായപ്പോൾ പുതിയ മുഖ്യമന്ത്രിയുടെ മനവും അമൃതവാഹിനീതടമായി. അശ്‌ളീലകഥകൾ നേരിട്ട് കേൾക്കുമ്പോൾ ഏതുമനവും ഇളകും. മാൻപേടയിൽ നിന്ന് നേരിട്ട് കേൾക്കുമ്പോൾ പ്രത്യേകിച്ചും. എൺപതുകാരനായ ഉമ്മൻചാണ്ടി 2012 സെപ്റ്റംബർ 19ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചു തന്നെ ഭോഗിച്ചിട്ടുണ്ടെന്ന് വിളിച്ചുപറയാൻ മടികാണിച്ചിട്ടില്ലാത്ത താടകയ്ക്ക് ചുറ്റും കിടന്ന് കറങ്ങുകയായിരുന്നുവല്ലോ അന്നത്തെ കേരളരാഷ്ട്രീയം. ഭൂമി ഇപ്പോഴും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളേ.