കൊച്ചി: ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകൾ പ്രായോഗികമാണോയെന്ന് ഹൈകോടതി. രാത്രി 9.30നു ശേഷം പുറത്തിറങ്ങാൻ രേഖാമൂലമുള്ള അനുമതി വാങ്ങണമെന്നും അടിയന്തര സാഹചര്യത്തിൽ പുറത്തു പോകേണ്ടിവന്നാൽ രക്ഷിതാവിന്റെ അപേക്ഷ ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥകൾ പ്രായോഗികമാണോയെന്ന് ഹരജികൾ പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിൽ സർക്കാറിന്റെ നിലപാടു തേടിയ കോടതി, പത്തു ദിവസത്തിനകം മറുപടി നൽകാൻ നിർദേശിച്ചു.
ഹോസ്റ്റലുകളിൽനിന്ന് രാത്രി പുറത്തിറങ്ങുന്നത് വിലക്കിയ സർക്കാർ ഉത്തരവിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥിനികളടക്കം നൽകിയ ഹരജികളാണ് ഹൈകോടതി പരിഗണിക്കുന്നത്. രാത്രി ഒമ്പതരക്ക് ശേഷം പുറത്തിറങ്ങുന്നത് വിലക്കിയ ഉത്തരവാണ് ഹരജിയിൽ ചോദ്യം ചെയ്തിരുന്നത്. എന്നാൽ, ഹൈകോടതി നിർദേശ പ്രകാരം ഉത്തരവ് സർക്കാർ ഭേദഗതി ചെയ്തു. എന്നാൽ, രാത്രി ഒമ്പതരക്ക് ശേഷം പുറത്തു പോകാൻ ഇതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
ഇതിന്‍റെ പ്രായോഗികതയിൽ പൊതുചർച്ച നല്ലതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കുട്ടികളെ പൂട്ടിയിട്ട് വളർത്തുന്നതിനോട് കോടതിക്ക് യോജിപ്പില്ലെങ്കിലും ലഹരിമരുന്നടക്കമുള്ള വിപത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ ആശങ്കയും അവഗണിക്കാനാവില്ല. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.