ന്യൂഡൽഹി: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ തുടക്കം കുറിച്ചിരിക്കുന്ന “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം” ഇന്ത്യയിലെ മുഴുവൻ ദേശീയ പ്രതിപക്ഷ പാർട്ടികളുടെയും സംഗമവേദിയായിക്കൊണ്ടിരിക്കുകയാണെന്ന് അസ്സോസിയേഷൻ പ്രസിഡന്റ് രാജീവ് ജോസഫ് പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കണ്ണൂരിൽ നടന്ന മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസങ്ങളെ ചൂഷണം ചെയ്ത്, കോർപ്പറേറ്റുകൾക്കുവേണ്ടി രാജ്യം ഭരിക്കുന്ന ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ ജനകീയ രാഷ്ട്രീയ മുന്നേറ്റമാണ് “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനമെന്ന്” രാജീവ് ജോസഫ് വ്യക്തമാക്കി. 2024 -ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി, ഇന്ത്യയിലെ മുഴുവൻ മതേതര -ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങങ്ങളേയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട്, നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെ അധികാരത്തിൽ നിന്നും പുറത്താക്കുവാനുള്ള സാധാരണക്കാരായ വോട്ടർമാരുടെ രാഷ്ട്രീയ പടയോട്ടമാണ് രാജ്യം മുഴുവൻ സംഘടിപ്പിക്കുന്ന “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനമെന്ന്” അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ 14 ജില്ലകളിലും, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും, 20 രാജ്യങ്ങളിലുമാണ് “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ” സംഘടിപ്പിക്കുന്നത്. 2024 -ൽ നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന മാധ്യമങ്ങളുടെ വൻ പ്രചാരണങ്ങൾ കേട്ട് മനോവീര്യം നഷ്ടപ്പെട്ട ബിജെപി വിരുദ്ധ രാഷ്ട്രീയ നേതാക്കൾക്ക്, മനോധൈര്യവും ആത്മവിശ്വാസവും ഇച്ഛാശക്തിയും രാഷ്ട്രീയശക്തിയും പകർന്നുകൊടുക്കുക എന്നതാണ് രാജ്യമെമ്പാടും നടക്കുന്ന “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ” ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ഘടകങ്ങളും സംസ്ഥാന ഘടകങ്ങളും ദേശീയ നേതൃത്വവും, പ്രാദേശികമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ താത്ക്കാലികമായി മാറ്റിവെച്ചുകൊണ്ട്, അടുത്ത ഒരു വർഷക്കാലം മോദിയുടെ ദുർഭരണത്തിനെതിരെ ഒറ്റക്കെട്ടായി ആഞ്ഞടിച്ചാൽ, അദാനിമാരും അംബാനിമാരും അന്താരാഷ്‌ട്ര കോർപ്പറേറ്റുകളും ഡെൽഹിയിൽ ഉണ്ടാക്കിവെച്ച രാഷ്ട്രീയ സിംഹാസനം ഇളകിമറിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന്, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ അന്താരാഷ്ട്ര പ്രസിഡന്റ് രാജീവ് ജോസഫ് വ്യക്തമാക്കി.