Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിജു കുര്യനെ ഇസ്രായേലി ആഭ്യന്തര പോലീസ് കണ്ടെത്തി, ഇന്ത്യയിലേക്ക് തിരിച്ചയച്ചു

ബിജു കുര്യനെ ഇസ്രായേലി ആഭ്യന്തര പോലീസ് കണ്ടെത്തി, ഇന്ത്യയിലേക്ക് തിരിച്ചയച്ചു

തിരുവനന്തപുരം: ഇസ്രായേലിലെ കൃഷി രീതി പഠിക്കാൻ സർക്കാർ അയച്ച സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യനെ ത് ഇസ്രായേലി ആഭ്യന്തര പോലീസ് കണ്ടെത്തി. ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നും നാളെ പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നുമാണ് വിവരം. ഇയാളെ കണ്ടെത്തിയ കാര്യം ഇസ്രായേൽ പോലീസ് ഇന്റർപോളിനെ അറിയിക്കുകയായിരുന്നു. ഇന്റർപോൾ ഈ വിവരം പിന്നീട് ടെൽ അവീവിലെ ഇന്ത്യൻ എംബസിക്കും കൈമാറി. 

ടെൽ അവീവിന് സമീപത്തുള്ള ഹെർസ്ലിയ നഗരത്തിൽ വച്ചാണ് ബിജു കുര്യൻ ബി.അശോക് ഐഎഎസ് നയിച്ച സംഘത്തിൽ നിന്നും മുങ്ങിയത്. ഇയാൾക്കായി രാത്രിയും പകലും കാത്തിരുന്ന ശേഷം അശോകും സംഘവും ഹെർസ്ലിയ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇന്ത്യൻ എംബസ്സിയിലും ഇസ്രയേൽ അധികൃതർക്കും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു. 

ഈ പരാതിയിൽ അന്വേഷണം നടത്തിയാണ് ഇസ്രായേൽ പൊലീസ് ബിജു കുര്യനെ കണ്ടെത്തിയത്. മലയാളികൾ ധാരാളമായുള്ള ഒരു ഗ്രാമത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നാണ് ലഭ്യമായ വിവരം. ബിജുവിനെ സംരക്ഷിക്കുന്നവർക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇസ്രയേൽ പോലീസ് മുന്നറിയിപ്പ് നൽകിയതോടെ ആണ് മുങ്ങിയ ബിജു പൊങ്ങിയതും നാട്ടിലേക്ക് മടങ്ങിയതും എന്നാണ് സൂചന. 

കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജു കുര്യൻ നാളെ നാട്ടിൽ തിരിച്ചെത്തും എന്നാണ് വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷം ബിജു നേരിട്ട് വിളിച്ചുവെന്ന് സഹോദരൻ ബെന്നി കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ രാവിലെ ബിജു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് ബന്ധുക്കൾ അറിയിച്ചതായി കൃഷി മന്ത്രി പി.പ്രസാദും പറഞ്ഞു.

നാട്ടിലേക്ക് തിരിച്ചു വരികയാണെന്ന് ബിജു കുര്യൻ സഹോദരൻ ബെന്നിയെ ഫോണിൽ വിളിച്ച് അറിയിച്ചു എന്നാണ് കുടുംബം നൽകുന്ന വിവരം. ബിജു ഇസ്രയേലിൽ വച്ച് മുങ്ങിയതല്ലെന്നും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ അവകാശ വാദം. എമിഗ്രേഷൻ നടപടികൾ കഴിഞ്ഞ ശേഷമാണ് ബിജു വിളിച്ചതെന്ന് സഹോദരൻ പറയുന്നു.

ഇന്ത്യൻ സമയം ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഇസ്രായേലിൽ നിന്നും തിരിച്ച ബിജു കുര്യൻ നാളെ പുലർച്ചെ നാല് മണിയോടെ കോഴിക്കോടെത്തും. തിരിച്ചെത്തിയാൽ ഔദ്യോഗിക സംഘത്തിൽ നിന്നും എങ്ങോട്ട് മുങ്ങിയെന്ന കാര്യത്തിൽ ബിജു സർക്കാരിന് വിശദീകരിക്കണം നൽകേണ്ടി വരും. ഇയാളുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ സാധ്യതയില്ല. വിസാ കാലാവധി കഴിയും മുൻപെ തിരികെ പോയതിനാൽ ബിജുവിനെതിരെ ഇസ്രായേൽ സർക്കാർ നടപടിയെടുക്കില്ല. ബിജു ബെത്‍ലഹേം അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ കാണാൻ പോയതാണെന്ന് കുടുംബം ആവർത്തിച്ചു പറയുന്നതും മറ്റു നിയമനടപടികൾ ഒഴിവാക്കാൻ വേണ്ടിയാണെന്നാണ് സൂചന.  

സ്വന്തം ഇഷട പ്രകാരമാണ് ബിജു മടങ്ങി വരുന്നതെന്നും എംബസിക്ക് ഇത് സംബന്ധിച്ച് വിവരമൊന്നുമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. 17 ന് രാത്രി താമസിക്കുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com