ബെംഗളൂരു• കോൺഗ്രസ് അധ്യക്ഷനും കർണാടകയിലെ മുതിർന്ന നേതാക്കളിലൊരാളുമായ മല്ലികാർജുൻ ഖർഗെയെ ഗാന്ധി കുടുംബം അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഖർഗെ ഒരു വ്യക്തി മാത്രമാണ്. പേരിന് വേണ്ടി മാത്രമാണ് അദ്ദേഹത്തിന്റെ അധ്യക്ഷപദവി. റിമോട്ട് കൺട്രോൾ ആരാണെന്ന് എല്ലാവർക്കും അറിയാം. ഖർഗെയോട് തനിക്ക് വലിയ ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ബെലഗാവിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
‘കോൺഗ്രസ് എങ്ങനെയാണ് കർണാടകയെ വെറുക്കുന്നതെന്ന് ജനങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. റായ്പുർ പ്ലീനറി സമ്മേളനത്തിൽ ഒരു കുടുംബം മല്ലികാർജുൻ ഖർഗെയെ അപമാനിച്ചു. പാർട്ടി അധ്യക്ഷനും മുതിർന്ന നേതാവുമായ അദ്ദേഹം വെയിലത്ത് നിൽക്കുന്നത് കണ്ടു. കുട ചൂടി നിൽക്കുന്നത് ആരാണെന്നും കണ്ടു. ഖർഗെ അപമാനിക്കപ്പെടുന്നത് കണ്ടപ്പോൾ ഞാൻ ഏറെ വേദനിച്ചു. സംസ്ഥാനത്തെ നേതാക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ പഴയ സംസ്‌കാരത്തിന്റെ ഭാഗമാണ്.’– പ്രധാനമന്ത്രി പറഞ്ഞു.
16,000 കോടിയിലധികം രൂപയാണ് 8 കോടി കർഷകർക്കായി കേന്ദ്രസർക്കാർ നൽകുന്നത്. കർഷകർക്കായി ജൻധൻ ബാങ്ക്, കാർഷിക ലാബ്, കിസാൻ ക്രെഡിറ്റ് കാർഡ് തുടങ്ങി നിരവധി സംവിധാനങ്ങൾ ഏർപ്പെടുത്തി. കർഷകർക്കായുള്ള 13–ാം ഗഡു ധനസഹായം നൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.