വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ അപമാനിച്ച് പാകിസ്താൻ സൂപ്പർ ലീഗ്. പിഎസ്എലിൻ്റെ സ്ട്രറ്റേജിക് ഇടവേളയിൽ അഭിനന്ദൻ്റെ ചിത്രം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് പിഎസ്എൽ പ്രകോപനം നടത്തിയത്. 2019 ഫെബ്രുവരിയിൽ പാകിസ്താൻ്റെ എഫ്16 വിമാനം വെടിവച്ച് വീഴ്ത്തിയ അഭിനന്ദനെ പാക് സേന പിടികൂടിയിരുന്നു. പാക് സേനയുടെ പിടിയിലായിരിക്കെ അഭിനന്ദൻ ചായ കുടിക്കുന്ന വിഡിയോ അധികൃതർ തന്നെ പുറത്തുവിട്ടു. ഈ വിഡിയോയിൽ നിന്നുള്ള ദൃശ്യമാണ് പിഎസ്എൽ ബിഗ് സ്ക്രീനിൽ തെളിഞ്ഞത്.
ഫെബ്രുവരി 27ന് ലാഹോർ ക്വലാൻഡേഴ്സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. 2019 ഫെബ്രുവരി 27നാണ് അഭിനന്ദൻ പക സേനയുടെ പിടിയിലാവുന്നത്. ഇതുമായി ബന്ധപ്പെടുത്തിയാണ് പിഎസ്എൽ അഭിനന്ദൻ്റെ ചിത്രം പ്രദർശിപ്പിച്ചത്. ട്വിറ്ററിൽ പിഎസ്എലിനും പിസിബിക്കുമെതിരെ വ്യാപക വിമർശനങ്ങളാണ് നടക്കുന്നത്.
പാകിസ്താൻ സേനയുടെ പിടിയിലായിരിക്കെ അഭിനന്ദൻ സംസാരിക്കുന്നതിൻ്റെ ഒരു വിഡിയോ അന്ന് പുറത്തുവന്നിരുന്നു. പാക് സേനാംഗങ്ങൾ തന്നോട് മാന്യമായാണ് പെരുമാറുന്നതെന്നും ആൾക്കൂട്ടത്തിൽ നിന്ന് തന്നെ അവർ രക്ഷിച്ചു എന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞിരുന്നു. തുടർന്ന് ചായ എങ്ങനെയുണ്ടെന്ന് ഒരാൾ ചോദിക്കുമ്പോൾ, ‘ചായ നല്ലതാണ്. നന്ദി’ എന്ന് അഭിനന്ദൻ മറുപടി പറയുകയും ചെയ്തു. ഫെബ്രുവരി 27 നു പിടിയിലായ അദ്ദേഹത്തെ മാർച്ച് ഒന്നിന് പാകിസ്താൻ വിട്ടയച്ചു.