തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജയത്തിന് ശേഷം ഇനി കേരളം ലക്ഷ്യമമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയാണ് സജീവ രാഷ്ട്രീയ ചർച്ച. നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഎമ്മും കോൺഗ്രസും ഒരു പോലെ രംഗത്തെത്തുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അവസ്ഥ കണ്ട് കേരളത്തിൽ പ്രതീക്ഷ വയ്ക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഓർമ്മിപ്പിച്ചു. സിപിഎമ്മും ബിജെപിയും ഗൂഢസഖ്യമുണ്ടാക്കി കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പോലെ ക്രിസ്ത്യൻ വോട്ടുകൾ കേരളത്തിലും കിട്ടുമെന്ന് കണക്ക് കൂട്ടിയാണ് മോദിയുടെ പ്രഖ്യാപനമെങ്കിൽ പരിഹസിക്കുകയാണ് യുഡിഎഫും എൽഡിഎഫും. നേമം അക്കൗണ്ട് പൂട്ടിച്ചതടക്കം പറഞ്ഞാണ് സിപിഎം പ്രതികരണം. മോദിയുടെ ലക്ഷ്യം തള്ളുമ്പോഴും കോൺഗ്രസ് ബിജെപി ബന്ധമാണ് സിപിഎം ആരോപിക്കുന്നത്. എന്നാൽ സ്വർണ്ണക്കടത്തിലടക്കം ഒത്തുകളി ആരോപിച്ചാണ് കോൺഗ്രസ് നിലപാട്.