ബിലാസ്പുർ: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി വാട്ടർടാങ്കിൽ തള്ളിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ഛത്തീസ്ഗഢിലെ ഉസ്ലപുർ സ്വദേശി പവൻസിങ് ഠാക്കൂറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പവൻസിങ്ങിന്റെ ഭാര്യ സതി സാഹുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെ വാട്ടർടാങ്കിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പവൻസിങ്ങിന്റെ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതോടെയാണ് അരുംകൊലയുടെവിവരം പുറത്തറിയുന്നത്. ദിവസങ്ങളായി കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതോടെ സംശയം തോന്നിയ അയൽക്കാർ സക്രി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയതോടെയാണ് വാട്ടർടാങ്കിൽനിന്ന് അഴുകിയനിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. പവൻസിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു.ഭാര്യയെ കൊന്ന് വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഉപേക്ഷിച്ചതാണെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. സംശയത്തെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
വാട്ടർടാങ്കിൽനിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾക്ക് രണ്ടുമാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം പലകഷണങ്ങളാക്കി വെട്ടിനുറുക്കിയാണ് വാട്ടർടാങ്കിൽ തള്ളിയതെന്നും പോലീസ് പറഞ്ഞു. ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.